തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുരളീധരൻ
തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ. മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്‍റെ ഈ ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്‍റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ. പി. നദ്ദ ഉറപ്പ് നൽകിയതായി മന്ത്രി മുരളീധരൻ അറിയിച്ചു.
കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും ജെ. പി. നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ, ഹരിപ്പാടും കൽപ്പറ്റയിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ ജില്ലകളിലും ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ, ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് എന്നിവയിൽ സെന്റർ ഓഫ് എക്‌സലൻസുകൾ സ്ഥാപിക്കൽ, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉൾപ്പടെ കേന്ദ്രസഹായം മന്ത്രി കെ. മുരളീധരൻ തേടി.
കേരളത്തിന്‍റെ ക്ഷയ രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഉൾപ്പെടെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി ജെ. പി. നദ്ദ പറഞ്ഞു. ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. അനു. എസ്. നായർ, കെ.എം.എസ്.സി.എൽ എം. ഡി ഡോ. രേണുരാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യ അഡീഷണൽ ഡയറക്ടർ (ടി.ബി) ഡോ. സക്കീന, എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






