പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ

പദ്ധതിയുടെ നടത്തിപ്പിനായി കേരള സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കര്‍ ഭൂമിയില്‍നിന്ന് 889 ഏക്കര്‍ ഭൂമി കെഐസിഡിസിക്ക് കൈമാറുകയും ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് 934.46 കോടി രൂപ കോര്‍പ്പറേഷന് ലഭിക്കുകയും ചെയ്തു
തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റിയുടെ പ്രചരണ പരിപാടികള്‍ ഡിസംബറോടെ ആരംഭിക്കാനും അടുത്ത വര്‍ഷം ആദ്യംതന്നെ വന്‍കിട വ്യവസായങ്ങള്‍ക്ക് ഭൂമി അനുവദിച്ചുതുടങ്ങാനും കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഐസിഡിസി) തയ്യാറെടുക്കുന്നു. 50 ഏക്കറിനു മുകളില്‍ ഭൂമി ആവശ്യമുള്ള വ്യവസായങ്ങളെയായിരിക്കും ആദ്യഘട്ട അലോട്മെന്റിലേക്ക് പരിഗണിക്കുക.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടതുപോലെ 2029 ഏപ്രിലില്‍തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഭൂമിയുടെ അലോട്മെന്റും പൂര്‍ത്തിയാക്കി സ്മാര്‍ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എൻഐസിഡിസി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം എല്ലാമാസവും പദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്തും. പാലക്കാട് ഐഐടി, തിരുച്ചിറപ്പള്ളി എന്‍ഐടി എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതികനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈന്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി കേരള സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കര്‍ ഭൂമിയില്‍നിന്ന് 889 ഏക്കര്‍ ഭൂമി കെഐസിഡിസിക്ക് കൈമാറുകയും ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് 934.46 കോടി രൂപ ഇതിനോടകം കോര്‍പ്പറേഷന് ലഭിക്കുകയും ചെയ്തു. കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ ആദ്യം പൂർത്തീകരിച്ച് നടപടികളാരംഭിച്ചത് കേരളമാണ്. സ്മാര്‍ട് സിറ്റിയുടെ രൂപകല്‍പന മുതല്‍ നിര്‍മാണവും മെയിന്റനന്‍സും ഉള്‍പ്പെടെയുള്ള സമഗ്ര വികസനത്തിനുള്ള ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറാണ് നല്‍കിയിട്ടുള്ളത്. കരാര്‍ കമ്പനി സമര്‍പ്പിക്കുന്ന ഡിസൈന്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ സത്വര പരിശോധന നടത്തി അനുമതി ലഭ്യമാകുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുകയാണ്. പദ്ധതിപ്രദേശത്ത് 20 കിലോമീറ്ററോളം റോഡിന്റെ സബ്ഗ്രേഡ് ജോലികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.






