മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

പ്രായത്തെ വെല്ലുന്ന യുവത്വവും സിനിമയോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്’
ചെന്നൈ: ‘മമ്മൂട്ടിയുടെ 75 വർഷങ്ങൾ — അത്രമേൽ അസാധാരണമായ ഒരു യാത്ര’എന്നാണ് തെന്നിന്ത്യൻ നായികയും മുൻ എംപിയും ബിജെപി നേതാവുമായ സുമലത വിശേഷിപ്പിച്ചത്.മമ്മൂട്ടിക്ക് നല്ല ആരോഗ്യവും സന്തോഷവും സമാധാനവും, ഒപ്പം വരും വർഷങ്ങളിൽ സന്തോഷം നിറഞ്ഞ ഒരുപാട് നല്ല നാളുകളും ആശംസിച്ച സുമലത, അസാധാരണമായ പ്രതിഭയോടെ തുടർന്നും സിൽവർ സ്ക്രീനിൽ തിളങ്ങാനും ഞങ്ങളുടെ ഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളെ സമ്മാനിക്കാനും കഴിയട്ടെ എന്നും പറഞ്ഞു.

സുമലത
സുമലത സോഷ്യൽ മീഡിയയിൽ കുറിച്ചത്:
“മമ്മൂട്ടിയുടെ 75 വർഷങ്ങൾ — അത്രമേൽ അസാധാരണമായ ഒരു യാത്ര! ഏകദേശം 20 സിനിമകളിൽ നിങ്ങളോടൊപ്പം അഭിനയിക്കാനും, വ്യത്യസ്ത തലമുറകളിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതും ചരിത്രവിജയം നേടിയതുമായ ചില ചിത്രങ്ങളുടെ ഭാഗമാകാനും കഴിഞ്ഞത് ഞാൻ വലിയൊരു ഭാഗ്യമായി കരുതുന്നു.
എന്നാൽ സിനിമകൾക്കപ്പുറം, ഒരു മികച്ച നടൻ സ്വയം പരിണമിക്കുന്നതും, വെല്ലുവിളികളെ നേരിടുന്നതും, മികവിന്റെ മാനദണ്ഡങ്ങൾ ഇനിയും ഉയർത്തുന്നതും കണ്ടുനിന്ന വർഷങ്ങളാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്. ഓരോ കഥാപാത്രവും, ഓരോ പ്രകടനവും, നിങ്ങളുടെ കരിയറിന്റെ ഓരോ ഘട്ടവും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി നിങ്ങളെ എന്തുകൊണ്ട് കണക്കാക്കുന്നു എന്ന് വീണ്ടും ഉറപ്പിക്കുന്നു.
പത്മഭൂഷൺ, നിരവധി ദേശീയ അവാർഡുകൾ, എല്ലാറ്റിനുമുപരിയായി, തന്റെ കലയോടുള്ള അഭിനിവേശം ഒട്ടും കുറയാതെ നിലനിർത്തുന്ന ഒരു കലാകാരൻ — നിങ്ങളുടെ ഈ യാത്ര ശരിക്കും പ്രചോദനകരമാണ്.
നിങ്ങളുടെ 75-ാം ജന്മദിനത്തിൽ, നല്ല ആരോഗ്യവും സന്തോഷവും സമാധാനവും, ഒപ്പം വരും വർഷങ്ങളിൽ സന്തോഷം നിറഞ്ഞ ഒരുപാട് നല്ല നാളുകളും ആശംസിക്കുന്നു. നിങ്ങളുടെ അസാധാരണമായ പ്രതിഭയോടെ തുടർന്നും സിൽവർ സ്ക്രീനിൽ തിളങ്ങാനും ഞങ്ങളുടെ ഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളെ സമ്മാനിക്കാനും നിങ്ങൾക്ക് കഴിയട്ടെ.
പ്രിയ മമ്മൂട്ടിക്ക് 75-ാം ജന്മദിനാശംസകൾ. ഈ അത്ഭുതകരമായ സിനിമായാത്രയുടെ ഒരു ഭാഗം നിങ്ങളോടൊപ്പം പങ്കിടാൻ കഴിഞ്ഞത് ഒരു വലിയ പദവിയാണ്. എല്ലാവിധ സ്നേഹത്തോടും ആദരവോടും കൂടിയുള്ള ആശംസകൾ.”
1980-90 കാലഘട്ടത്തിലാണ് മമ്മൂട്ടിയും സുമലതയും ഒരുമിച്ചഭിനയിച്ച സൂപ്പർഹിറ്റുകൾ പിറന്നത്.ന്യൂഡൽഹി,നിറക്കൂട്ട്, ഈ തണുത്ത വെളുപ്പാൻകാലത്ത്, നായർസാബ്, ചക്രവാളം ചുവന്നപ്പോൾ, ഇടവേളയ്ക്കുശേഷം, ദിനരാത്രങ്ങൾ, പരമ്പര, പുറപ്പാട്, തുടങ്ങിയവ അവയിൽ ചിലതാണ് .
മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ ജോർജും മമ്മൂട്ടിയെക്കുറിച്ച് ‘35 വർഷങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര’ എന്ന പേരിൽ ഒരു കുറിപ്പ് എഴുതി.
ആ കുറിപ്പിൽ നിന്ന്:

മമ്മൂട്ടിയും ജോർജും
‘വെറുമൊരു ജോലിയിലൂടെ തുടങ്ങിയ ബന്ധം ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ആത്മബന്ധമായി മാറി.മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവച്ച ഒരാളാണ്. ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്.
എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മമനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമകൾ കൂടി ഉണ്ടാക്കണം… ഈ സ്നേഹവും ബന്ധവും.’
1991-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ‘നീലഗിരി’ എന്ന ചിത്രത്തിലൂടെയാണ് ജോർജ് മമ്മൂട്ടിയുടെ ഒപ്പം യാത്ര ആരംഭിച്ചത്.ജോഷിയുടെ ‘കൗരവർ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ അദ്ദേഹം, പിന്നീട് മമ്മൂട്ടിയുടെ പെഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റും സന്തതസഹചാരിയും നിർമാതാവുമായി.’ഇമ്മാനുവൽ’, ‘അച്ചാ ദിൻ’, ‘പുഴു’ എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് ജോർജ്.
അഞ്ച് പതിറ്റാണ്ടിലേറെയായി ചലച്ചിത്രലോകത്ത് സജീവമായ മമ്മൂട്ടി, വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നടനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം, മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത നിരവധി മാസ്റ്റർപീസുകളാണ് സമ്മാനിച്ചിട്ടുള്ളത്.
അവിസ്മരണീയ സിനിമകളും കഥാപാത്രങ്ങളും
‘തൃഷ്ണ’, ‘ഒരു വടക്കൻ വീരഗാഥ’, ‘ന്യൂഡൽഹി’, ‘അമരം’, ‘രാജമാണിക്യം’, ‘പഴശ്ശിരാജ’, ‘ഭീഷ്മ പർവ്വം’, ‘കാതൽ ദി കോർ’, ‘ബ്രഹ്മാണ്ഡ ചിത്രമായ സിബിഐ സീരീസ്’ തുടങ്ങി എണ്ണിയാൽ തീരാത്തത്രയും ഹിറ്റ് ചിത്രങ്ങളാണ് മമ്മൂട്ടിയുടെ കരിയറിലുള്ളത്. ജോഷി, ഐ.വി. ശശി, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി. ജോർജ്ജ്, ലോഹിതദാസ്, അമൽ നീരദ്, ജിയോ ബേബി തുടങ്ങി മലയാളത്തിലെയും അന്യഭാഷകളിലെയും നിരവധി പ്രതിഭാധനരായ സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യാതൊരുവിധ ലുക്ക് മാറ്റങ്ങളും കഥാപാത്ര വൈവിധ്യങ്ങളും പരീക്ഷിക്കാൻ മടിയില്ലാത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ എക്കാലത്തെയും ക്ലാസിക്കുകളായി നിലകൊള്ളുന്നു.
പ്രായത്തെ വെല്ലുന്ന യുവത്വവും സിനിമയോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പുതിയ തലമുറയിലെ സംവിധായകരോടൊപ്പവും അഭിനേതാക്കളോടൊപ്പവും ചേർന്ന് എന്നും പുതുമയുള്ള പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഈ ജന്മദിനത്തിലും അദ്ദേഹത്തിന് സിനിമ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.






