എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല
കോഴിക്കോട്:ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി ഷാജു എസ് ചുമതലയേറ്റു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.
മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. യുഎൽസിസിഎസിൻ്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായകസംഭാവനകളും ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.
1997-ൽ യുഎൽസിസിഎസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു പിന്നീട് സ്ഥാപനത്തിന്‍റെ വിവിധ ചുമതലകൾ നിർവ്വഹിച്ചശേഷം 2009 മുതൽ 17 വർഷം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാലപരിചയമാണ് അദ്ദേഹത്തിന്‍റെ പ്രധാന കരുത്ത്.
യുഎൽസിസിഎസിൻ്റെ വളർച്ചയുടെ നിർണായകഘട്ടങ്ങളിൽ രമേശൻ പാലേരിയോടൊപ്പം അടുത്തുനിന്നു പ്രവർത്തിച്ച വ്യക്തിയാണ് ഷാജു എസ്. യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ് തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായി. ഈ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവയുടെ പ്രവർത്തനവും വികസനസാധ്യതകളും സംബന്ധിച്ച് അടുത്തറിയുന്ന അനുഭവസമ്പത്തുണ്ട്.
സൊസൈറ്റിയുമായി ഉറ്റബന്ധമുള്ള ആളാണ് പുതിയ ചെയർമാൻ. മുത്തച്ഛൻ എസ്. കണാരനും അദ്ദേഹത്തിന്‍റെ പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നല്കിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവർത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്‍റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു.
നിർമ്മാണ – അടിസ്ഥാനസൗകര്യ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, കേരളത്തിനു പുറത്തും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുകയും അന്താരാഷ്ട്രതലത്തിലേക്കും യുഎൽസിസിഎസിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളും എത്തിക്കുകയും ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്.
പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തികസുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് ചെയർമാൻ ഷാജു എസ്. അറിയിച്ചു. തൊഴിലാളിസഹകരണത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, രമേശൻ പാലേരി സ്വപ്നം കണ്ട യുഎൽസിസിഎസിനെ കൂടുതൽ ശക്തവും സുസ്ഥിരവും ആഗോളസാന്നിധ്യമുള്ളതുമായ സ്ഥാപനമാക്കി വളർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.






