കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം:കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ തുറമുഖങ്ങളിൽ ലോക്കൽ കാഷനറി സിഗ്‌നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളിലാണ് മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരുന്നത്.
മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.




