‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

‘ലീഗ് ഒന്നുകിൽ രാഷ്ട്രീയപ്പാർട്ടിയാവുക, അല്ലെങ്കിൽ മതസംഘടനയാവുക. രണ്ട് തോണിയിലും കാലിട്ട് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട് ലീഗും യൂത്ത്ലീഗും അവസാനിപ്പിക്കണം”പുള്ളിപ്പുലിയുടെ പുള്ളിയും ലീഗിൻ്റെ “മതേതരത്വവും”!’എന്ന തലക്കെട്ടിൽ മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എഴുതിയത് വായിക്കാം

ഡോ.കെ.ടി ജലീൽ
‘പുള്ളിയും ലീഗിൻ്റെ “മതേതരത്വവും”!
മതവിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ലീഗ് ദുരുപയോഗിക്കുന്നതിൻ്റെ നേർസാക്ഷ്യമാണ് ഇമേജിലെ ചിത്രം. മുസ്ലിം യൂത്ത്ലീഗിൻ്റെ എറണാങ്കുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ സമാരംഭം കുറിക്കുന്ന പതാക ഉയർത്തൽ ചടങ്ങിന് ശേഷം ചെയ്യുന്ന ‘ദുആ’ അഥവാ പ്രാർത്ഥന നിർവ്വഹിക്കുന്ന ചിത്രമാണ് താഴെ. ബി.ജെ.പി വന്ദേമാതരം ചൊല്ലി പ്രാർത്ഥിച്ച് ചടങ്ങുകൾ തുടങ്ങുന്ന പോലെ ഒരു ചടങ്ങ്. ഈ ‘ദുആ’യിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ടും എ.പി ഉണ്ണികൃഷ്ണൻ്റെ മകളുമായ സ്മിജ എങ്ങിനെ പങ്കെടുക്കും? ലീഗ് ദേശീയ ഭാരവാഹി ജയന്തി രാജൻ പ്രാർത്ഥനക്ക് ”ആമീൻ” പറയുമോ? ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് ശ്യാംസുന്ദർ കൈ ഉയർത്തുമോ?
യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല എന്നതിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണ് കഴിഞ്ഞ വെള്ളിയാഴ്ച എറണാങ്കുളം ടൗൺഹാളിൻ്റെ മുന്നിൽ നടന്ന ‘ദുആ സമ്മേളനം’. സംസ്ഥാന മന്ത്രിയും, എം.എൽഎമാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ലീഗ് ഒന്നുകിൽ രാഷ്ട്രീയപ്പാർട്ടിയാവുക, അല്ലെങ്കിൽ മതസംഘടനയാവുക. രണ്ട് തോണിയിലും കാലിട്ട് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട് ലീഗും യൂത്ത്ലീഗും അവസാനിപ്പിക്കണം.
ആൻ്റണിയെ തിരൂരങ്ങാടിയിലും ജോയിയെ തവനൂരിലും അനിൽകുമാറിനെ വണ്ടൂരിലും ജയിപ്പിച്ചതുകൊണ്ടുമാത്രം ലീഗ് മതേതര പാർട്ടിയാവില്ല. ഇവരെയൊക്കെ കോണി ചിഹ്നത്തിൽ നിർത്തി വിജയിപ്പിക്കുന്ന അന്നേ, സ്വന്തം കുട്ടിയെ ലീഗിന് മടിയിലിരുത്തി താലോലിക്കാനാകൂ. അതല്ലെങ്കിൽ മക്കളില്ലാത്ത ഒരാൾ ആരാൻ്റെ കുട്ടികളെ എടുത്ത് തൻ്റേതെന്ന് മാലോകരെ ബോദ്ധ്യപ്പെടുത്താൻ താലോലിക്കുന്നത് പോലെ മാത്രമേ കരുതാനാകൂ. ലീഗിൻ്റെ കോട്ടകൾ എന്നു പറയുന്ന മലപ്പുറത്തോ, കൊണ്ടോട്ടിയിലോ, മഞ്ചേരിയിലോ, തിരൂരങ്ങാടിയിലോ, കോട്ടക്കലോ, ഒരു ഹിന്ദുമതക്കാരനേയോ, ക്രൈസ്തവ വിശ്വാസിയേയോ, കോണി ചിഹ്നത്തിൽ അടുത്ത പ്രാവശ്യം നിർത്തി മൽസരിപ്പിച്ച് ജയിപ്പിച്ച് വീമ്പിളക്കുന്നതാകും ലീഗിന് ഉത്തമം.’






