സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’
ചെന്നൈ:സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബ് പിന്നിട്ടു.
മൂന്നാം ദിനം ഇന്ത്യയിൽ നിന്ന് 23.25 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷൻ നേടിയത്. 6,001 ഷോകളിൽ നിന്നായിരുന്നു ഈ നേട്ടം. തമിഴ് പതിപ്പിൽ നിന്ന് 19.25 കോടിയും തെലുങ്ക് പതിപ്പിൽ നിന്ന് 4 കോടിയും ലഭിച്ചു.ഇതോടെ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 62.75 കോടിയായും ഗ്രോസ് കളക്ഷൻ 72.90 കോടിയായും ഉയർന്നു.വിദേശ വിപണിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂന്നാം ദിനം മാത്രം 10 കോടി രൂപ നേടിയതോടെ ഓവർസീസ് ഗ്രോസ് കളക്ഷൻ 43.75 കോടിയിലെത്തി.
മൂന്ന് ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ 116.65 കോടിയാണ്. നസ്രിയയാണ് സീനിലെ നായിക. നസ്ലിൻ പ്രതിനായക വേഷത്തിലെത്തുന്നു.സുഷിൻ ശ്യാമിന്റേതാണ് സംഗീതം.സൂര്യയ്ക്കും നസ്ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഈ വർഷം പുറത്തിറങ്ങിയ ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആദ്യദിന കളക്ഷനിൽ ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാണ് ‘സീൻ’ എത്തിയത്.ആർ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ആഗോളതലത്തിൽ 310.12 കോടി രൂപ നേടിയപ്പോൾ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ 209.46 കോടി രൂപയാണ് തിയേറ്ററുകളിൽനിന്ന് നേടിയത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’.കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം റിലീസിനെത്തിച്ചിരിക്കുന്നത്.






