കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ

നടൻ പ്രേം കുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷൻ
തിരുവനന്തപുരം: കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാൻ. നടൻ പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ പുതിയ അധ്യക്ഷനാകും. ഗായകൻ ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും തീരുമാനിച്ചു.
എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേം കുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷനാകുന്നു.റസൂൽ പൂക്കുറ്റിയെ അധ്യക്ഷനാക്കിയതോടെ കാലാവധി കഴിഞ്ഞ കമ്മിറ്റിയിൽനിന്ന് പുറത്തുപോയതിനെ തുടർന്ന് പ്രേം കുമാർ കോൺഗ്രസ് വേദികളിൽ എത്തിയിരുന്നു. സംവിധായകൻ ആലപ്പി അഷ്റഫാണ് വൈസ് ചെയർമാൻ.
കൽപ്പറ്റ നാരായണൻ്റെ പേര് സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പ്രതീക്ഷിച്ചതാണ്. മുൻ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ തൊടുത്തിരുന്ന കൽപ്പറ്റ കോൺഗ്രസ് അനുകൂല നിലപാടുകളും ആവർത്തിച്ചിരുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ എംപി സുരേന്ദ്രനാണ് സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറി. ജി വേണുഗോപാലിന് അംഗീകാരമായി സംഗീത നാടക അക്കാദമിയുടെ അധ്യക്ഷപദവി.പ്രൊഫഷണൽ നാടകകൃത്ത് ഹേമന്ത് കുമാർ ആണ് വൈസ് ചെയർമാൻ. സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻ്റെ ചെയർമാൻ നിർമാതാവ് എം രഞ്ജിത് ആണ്.
പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് മൂർത്തിയാണ് ലളിതകലാ അക്കാദമിയുടെ പുതിയ അധ്യക്ഷൻ. ടി ആർ ഉദയകുമാർ വൈസ് ചെയർമാൻ. കോൺഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂരിലെ ഫോക്ലോർ അക്കാദമിയുടെ ചെയർമാനാകും. ശ്രീരാമൻ കൊയ്യോൻ ആണ് വൈസ് ചെയർമാൻ. നടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിശ്ചയിച്ചിരുന്നു.






