വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി

എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് പിടിച്ചെടുത്തത് എല്‍.ഡി.എഫിന്‍റെ നാല് സീറ്റുകൾ
തിരുവനന്തപുരം:അധികാരമേറ്റ് 100 ദിനം കഴിഞ്ഞതിന് പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തിരിച്ചടി.യുഡിഎഫിൻ്റെ കോട്ടകൾ മിക്കതും കുലുങ്ങിയെന്നതിന് പുറമേ ഏതാനും സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുക്കതുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എഡിഎഫിന് വീണുകിട്ടിയ മൃതസഞ്ജീവനിയായി തദ്ദേശ തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, യുഡിഎഫ് 19 സീറ്റുകളിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ മൂന്ന് സീറ്റുകൾ കുറഞ്ഞു. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു. പുതുക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ 20 -20 വിജയം നിലനിർത്തി.എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, യുഡിഎഫ് എല്‍.ഡി.എഫിന്‍റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് . വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്.ആ നിലയിൽ സംസ്ഥാന നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിയ തെരഞ്ഞെടുപ്പിൽ പണത്തിൻ്റെ കുത്തൊഴുക്കുമുണ്ടായി.
കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട, കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.
ഒന്നിലേറെ എംഎൽഎമാർ രാജിവച്ച തദ്ദേശ സീറ്റുകൾ യു.ഡി.എഫിന് നഷ്ടപ്പെട്ടു.അതും യുഡിഎഫിൻ്റെ നെടുങ്കോട്ട എന്നറിയപ്പെടുന്ന ചിറ്റൂർ നഗരസഭയിലെ സീറ്റ് ഉൾപ്പെടെ കൈമോശം വന്നു.മുസ്ലിംലീഗിൻ്റെ കോട്ടകളിൽ സീറ്റുകൾ നിലനിർത്താനായെങ്കിലും വോട്ടുചോർച്ച വൻ തോതിലുണ്ടായി.തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്‍എ രാജിവെച്ച വാര്‍ഡില്‍ എല്‍ഡിഎഫ് വൻ ഭൂരിക്ഷത്തോടെ അട്ടിമറി വിജയം നേടി.സി വി ശാന്തകുമാറിന്‌റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.
ഫാത്തിമ തഹ്‌ലിയ, ഉഷ വിജയൻ എന്നിവർ എം എൽ എ ആയതോടെ ഒഴിഞ്ഞ സീറ്റുകൾ യു ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി ചുരുങ്ങി.






