പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ

അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
പാലക്കാട്:പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ മറ്റൊരു സിപിഎം ജില്ലാ സെക്രട്ടറികൂടി തെറിച്ചു.സംഘടനാപരമായി സമ്മേളന കാലത്തല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ വളരെ അപൂര്‍വവും അസാധാരണവുമായ നടപടിയായിരിക്കേയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ മാറ്റിയത്. പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയോഗിച്ചു.
അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പ്രചാരണം.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി.
പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിൻ്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉണ്ടായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.
അഭിഭാഷക ഡിജിറ്റൽ തെളിവുകൾ സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. സംസ്ഥാന നേതാക്കളോടും സെക്രട്ടറിയോടും പരാതി ഉന്നയിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, സ്ഥാനത്തുനിന്ന് മാറാൻ സുരേഷ് ബാബുവിനോട് നേതൃത്വം നിർദേശിച്ചു.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനും പ്രത്യേകിച്ച് ഇ.എൻ. സുരേഷ് ബാബുവിനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ജില്ലാ സെക്രട്ടറി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലയിൽ ചില നേതാക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് തൃത്താലയിലും കോങ്ങാടും പാർട്ടിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്. പാർട്ടിയുടെ അടിസ്ഥാന തത്വമായ കേന്ദ്രീകൃത സ്വഭാവം ജില്ലയിൽ ഇല്ലാതായെന്നും നേതാക്കൾ തുറന്നടിച്ചു.
ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രതിച്ഛായയെയും സംഘടനാ അടിത്തറയെയും സാരമായി ബാധിച്ചുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ വഷളാകാതെ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഭാഗീയത ആളിക്കത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് ആക്കം കൂട്ടിയ കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കം തടയാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
വ്യക്തിപരമായ കാരണങ്ങളാൽ തന്‍റെ അഭ്യർഥന പ്രകാരമാണ് മാറ്റമെന്ന് സുരേഷ് ബാബുവും സുരേഷ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് ചെന്താമരാക്ഷനും അറിയിച്ചു.
പാർട്ടി നടപടി പേരിനുമാത്രമായിരുന്ന പി.ശശി കഴിഞ്ഞ പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡൻ്റായി.ഇരുവരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തുടരുകയാണ്.അതേസമയം,പരാതിക്കാരും അവരെ പിന്തുണച്ച സികെപി പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കളും നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ടു.എംഎൽഎയും സിപിഎം സംസ്ഥാനസമിതി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന സികെപി പത്മനാഭൻ ഇപ്പോൾ സാധാരണ പാർട്ടി അംഗം മാത്രമാണ്.






