ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് മൊത്തത്തിൽ ഇക്വിറ്റി, ലിക്വിഡിറ്റി, പ്രൊഫഷണൽ പിന്തുണ എന്നിവ നൽകുന്നതിനായി 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സമഗ്രമായ നടപടികളുടെ ഭാഗമാണിത്
ന്യൂഡൽഹി :ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചാധിഷ്ഠിത മൂലധനം ലഭ്യമാക്കുന്നതിനും നിർമ്മാണം, സേവനം, സാങ്കേതികവിദ്യ, നൂതനാശയ മേഖലകൾ, തന്ത്രപ്രധാനമായ മൂല്യ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ മുൻനിര ഇന്ത്യൻ സംരംഭങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനുമായി 2026-27 ലെ കേന്ദ്ര ബജറ്റിലെ 28-ാം ഖണ്ഡിക പ്രകാരം,എസ്എംഇ ഗ്രോത്ത് ഫണ്ട് സ്ഥാപിക്കാൻ 10,000 കോടി രൂപയുടെ വിഹിതം അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് മൊത്തത്തിൽ ഇക്വിറ്റി, ലിക്വിഡിറ്റി, പ്രൊഫഷണൽ പിന്തുണ എന്നിവ നൽകുന്നതിനായി 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സമഗ്രമായ നടപടികളുടെ ഭാഗമാണിത്.
ഇക്വിറ്റി പിന്തുണ നൽകുന്ന ഫണ്ടുകൾ നിലവിലുണ്ടെങ്കിലും, അവയിൽ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തിലുള്ള സംരംഭങ്ങളിലും പ്രധാനമായും സൂക്ഷ്മ സംരംഭങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചാ ഘട്ടത്തിൽ ആവശ്യമായ ഇക്വിറ്റി മൂലധനത്തിന്റെ കാര്യത്തിൽ ഒരു ഘടനാപരമായ വിടവ് നിലനിൽക്കുന്നുണ്ട്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട ഇടത്തരം സംരംഭങ്ങൾ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കയറ്റുമതി, ഉൽപ്പാദനം, നൂതനാശയങ്ങൾ എന്നിവയിലും അവ നിർണായക പങ്ക് വഹിക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, പ്രവർത്തനം വിപുലീകരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, അന്താരാഷ്ട്ര തലത്തിലേക്ക് വളരുക, അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ഏറ്റെടുക്കലുകൾ നടത്തുക, വ്യവസായ രംഗത്തെ മുൻനിരക്കാരായി മാറാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ ദീർഘകാല റിസ്ക് ക്യാപിറ്റൽ ലഭ്യതയിൽ ഇപ്പോഴും ഒരു വിടവ് നിലനിൽക്കുന്നുണ്ട്. തെളിയിക്കപ്പെട്ട ബിസിനസ്സ് സാധ്യതകളും വളർച്ചാ ശേഷിയുമുള്ള മികച്ച ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചാ ഇക്വിറ്റി മൂലധനം നൽകിക്കൊണ്ട് ഈ നിർണായക സാമ്പത്തിക വിടവ് നികത്താനാണ് എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വളർച്ചാ യാത്രയിലെ നിർണായക ഘട്ടങ്ങളിൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പരിവർത്തനപരമായ സംവിധാനമായാണ് ഈ ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനം ലഭ്യമാക്കുന്നതിലൂടെ, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാങ്കേതികവിദ്യയിലും ഉൽപ്പാദന ശേഷിയിലും നിക്ഷേപം നടത്താനും അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനും ആഗോള മൂല്യ ശൃംഖലകളുടെ ഭാഗമാകാനും തന്ത്രപരമായ നിക്ഷേപങ്ങൾ നടത്താനും ഇന്ത്യൻ എസ്എംഇകളെ ഈ സംരംഭം പ്രാപ്തരാക്കും. അതത് മേഖലകളിൽ മുൻനിരയിലെത്താൻ ആവശ്യമായ വ്യാപ്തിയും നൂതന ആശയങ്ങൾ നടപ്പിലാക്കാനുള്ള ശേഷിയും മത്സരശേഷിയുമുള്ള ഇന്ത്യൻ കമ്പനികളുടെ ഒരു നിര കെട്ടിപ്പടുക്കുന്നത് വേഗത്തിലാക്കാൻ ഈ ഫണ്ടിന് കഴിയുമെന്ന് ഗവൺമെൻ്റ്പ്രതീക്ഷിക്കുന്നു.






