പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

- യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സമ്മാനം കൈമാറിയത്
- തിരുവനന്തപുരം : ദേശീയ പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി പ്രമുഖ എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അൾട്രാ-ലൈറ്റ് വീൽചെയർ സമ്മാനിച്ചു. അഖിൽ സാമിനെ ആദരിക്കുന്നതിനായി യുഎസ് ടി യുടെ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വീൽചെയർ കൈമാറിയത്.
വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം എന്നീ മേഖലകളിലെ തടസ്സങ്ങൾ നീക്കിക്കൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎസ്‌ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഏറ്റവും പുതിയ സംരംഭമാണിത്. പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സഹായ ഉപകരണങ്ങൾ, സ്കോളർഷിപ്പുകൾ, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ നൽകിക്കൊണ്ട് ഭിന്നശേഷിക്കാരുടെ ഉന്നമനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പദ്ധതി മുൻഗണന നൽകുന്നത്.
നട്ടെല്ലിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ 10 വർഷമായി സാം വീൽചെയർ ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നത്. പരിക്കിനുശേഷം ഷൂട്ടിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോൾ ഇന്ത്യയിലുടനീളം നടക്കുന്ന പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. 2004-ലെ കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും പൂനെയിൽ നടന്ന സോണൽ പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹം, ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
എന്നാൽ, അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽചെയർ ഭാരമേറിയതും കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമായിരുന്നു. ഇത് യാത്രയെയും പരിശീലനത്തെയും ദുഷ്കരമാക്കി. ഓരോ യാത്രയ്ക്കും മുൻപായി വീൽചെയർ അഴിച്ചുവെക്കുന്നതും പിന്നീട് കൂട്ടിയോജിപ്പിക്കുന്നതും വലിയൊരു ബുദ്ധിമുട്ടാണെന്ന് സാം തിരിച്ചറിഞ്ഞു. തന്റെ സഞ്ചാരസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിനും, ഒപ്പം പരിശീലനം മെച്ചപ്പെടുത്തി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കഴിവ് വളർത്തുന്നതിനുമായി ഭാരം കുറഞ്ഞ ഒരു വീൽചെയറിനായുള്ള സ്പോൺസർഷിപ്പ് സാം തേടുകയായിരുന്നു.
കൊണ്ടുപോകാൻ എളുപ്പമുള്ളതും മത്സരവേളയിൽ ഉപയോഗിക്കുമ്പോൾ ശാരീരികമായി അധികം ആയാസം ആവശ്യമില്ലാത്തതുമായ അതിഭാരം കുറഞ്ഞ ഒരു വീൽചെയർ യുഎസ് ടിയുടെ സിഎസ്ആർ വിഭാഗം അദ്ദേഹത്തിന് സംഭാവന ചെയ്തു. മുൻപ് യു എസ് ടി സംഘടിപ്പിച്ച രണ്ടു ട്രിവാൻഡ്രം മാരത്തണുകളിലും പങ്കെടുത്ത സാം, കമ്പനിയുമായി ദീർഘകാലത്തെ ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്.






