പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

നിയമസഭാ പുസ്തകോത്സവം അഞ്ചാം പതിപ്പ് ജനുവരി ഏഴ് മുതൽ 13 വരെ
തിരുവനന്തപുരം:പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 ന് തുടങ്ങും. 12, 13, 14, 15, 16, 26, 27, 28, 29 തീയതികളിലാണ് സഭ ചേരുകയെന്ന് നിയമസഭയിലെ വാർത്താസമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. 12, 13, 14, 15, 27, 28, 29 തിയതികൾ സർക്കാർ കാര്യത്തിനായും 16 ന് അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായും 26 ന് പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകളേയും 2017 മുതലുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകളേയും സംബന്ധിച്ച ചർച്ചയ്ക്കായും വോട്ടെടുപ്പിനുമായി നീക്കിവച്ചിട്ടുണ്ട്. ഉപധനാഭ്യർഥനകളേയും അധിക ധനാഭ്യർഥനകളേയും സംബന്ധിക്കുന്ന ധനവിനിയോഗം 29 ന് ഉച്ചയ്ക്കുശേഷം ഒന്ന് മുതൽ രണ്ട് വരെ സഭ പരിഗണിക്കും.
പ്രധാനമായും നിയമനിർമാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. 12ന് 2026-ലെ കേരള കോർട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്ലും മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ്സ് (ഭേദഗതി) 2026 ബില്ലും അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യും. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിർമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി 12ന് കാര്യോപദേശക സമിതി യോഗം വിളിക്കും.
കേരളനിയമസഭയുടെ പ്ലാറ്റിനം ജൂബിലി 2027 ഏപ്രിൽ 27 ന് സമുചിതമായി ആഘോഷിക്കും. ആഘോഷ പരിപാടികളുടെ തുടക്കം നവംബർ ഒന്നിന് കേരളപ്പിറവിയോടനുബന്ധിച്ച് ആരംഭിക്കും. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്ന യോഗത്തിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സാമാജികർ, മുൻ നിയമസഭാ സെക്രട്ടറിമാർ, നിയമസഭാ ജീവനക്കാർ എന്നിവർ പങ്കെടുക്കുന്ന സ്നേഹസംഗമം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
പുസ്തകോത്സവത്തെ കേരള ലെജിസ്ലേച്ചർ ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവലായി സംഘടിപ്പിക്കും. 5-ാം പതിപ്പ് ജനുവരി ഏഴ് മുതൽ 13 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ആരംഭിച്ചിട്ടുണ്ട്. സാമാജികർക്കായി പണിതീർത്ത പമ്പ ബ്ലോക്കിലെ ഫ്ലാറ്റുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് ഒക്ടോബർ 26 ന് വൈകിട്ട് 4.30 നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും നിയമസഭാ സെക്രട്ടറി ഷാജി സി ബേബിയും വാർത്താസമ്മേളനത്തിൽ സന്നിഹിതരായി.






