സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി

ഒരു ഡി-അഡിക്ഷൻ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടതും മനസ്സിലാക്കിയതുമായ അനുഭവങ്ങൾ ഒരു നോവലിന്‍റെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ബന്ധുര സനൽചന്ദ്രൻ
തിരുവനന്തപുരം: പ്രവാസി എഴുത്തുകാരിയായ ബന്ധുര സനൽചന്ദ്രൻ രചിച്ച ‘ഒരു ഡോസ് മതി’ എന്ന നോവൽ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം ബി സന്തോഷ് പുസ്തക പ്രകാശനം നിർവഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി.മാധ്യമ പ്രവർത്തകനായിരുന്ന ആർ. സഞ്ജിവ് അധ്യക്ഷത വഹിച്ചു.
സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലാണ് ഒരു ഡോസ് മതി. ഒരു ഡി-അഡിക്ഷൻ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടതും മനസ്സിലാക്കിയതുമായ അനുഭവങ്ങൾ ഒരു നോവലിന്‍റെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ബന്ധുര സനൽചന്ദ്രൻ. ഒരു നഴ്സ് എന്ന നിലയിൽ മനുഷ്യരുടെ ജീവിതത്തിലെ പല വശങ്ങളും അടുത്തറിയാൻ ലഭിച്ച ആ അവസരങ്ങൾ തന്നിൽ ചില ചോദ്യങ്ങൾ ഉയർത്തിയെന്നും താൻ കണ്ടറിഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്തുകൊണ്ട് എഴുതിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഒരു ഡോസ് മതി എന്ന പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത് എന്നും നോവലിസ്റ്റ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ സ്വദേശിനിയാണ് ബന്ധുര സനൽചന്ദ്രൻ. ബന്ധുരയുടെ ചിന്തകളും അനുഭവങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളും അക്ഷരങ്ങളിലേക്ക് പകർത്താനുള്ള ശ്രമമാണ് ഈ കൃതി. മനുഷ്യരെ അവരുടെ തെറ്റുകൾക്കപ്പുറം മനസ്സിലാക്കാനും അവരുടെ വേദനകളെ തിരിച്ചറിയാനും ജീവിതത്തിൽ വീണ്ടും തുടങ്ങാനുള്ള പ്രതീക്ഷയെ ചേർത്തുപിടിക്കാനും ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുമെന്നാണ് ബന്ധുരയുടെ പ്രതീക്ഷ.






