‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു
‘മണ്ടത്തരം മനസിലാക്കിയാണ് ആദ്യത്തെ ഗോൾ പോസ്റ്റ് മാറ്റൽ’
മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്. അനധികൃതമായി 6000 കോടി രൂപയുടെ ടെൻഡറുകൾ കിഫ്ബിയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിക്ക് ‘അനധികൃതമായി’ നല്കിയെന്നും അത് അഴിമതി ആണെന്നും വിജിലൻസ് അന്വേഷിക്കാൻ പോകുന്നുവെന്നുമാണ് ആദ്യം പറഞ്ഞത്.
“പല പദ്ധതികളും ടെൻഡറില്ലാതെയാണു കൈമാറിയതെ”ന്നും തട്ടിവിട്ടു. ടെൻഡറില്ലാതെ ഒരു കിഫ്ബി പ്രൊജക്റ്റും ആർക്കും നല്കിയിട്ടില്ല. നല്കാൻ കഴിയുകയുമില്ല. അങ്ങനെയാണ് അതു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഇത് അറിയാതെയാണ് വിജിലൻസ് ഇപ്പോൾ പിടിച്ചുകളയും എന്ന തള്ളു തള്ളിയത്. മണ്ടത്തരം മനസിലാക്കിയാണ് ആദ്യത്തെ ഗോൾ പോസ്റ്റ് മാറ്റൽ.
അതു പോയി. അപ്പോൾപ്പിന്നെ എന്താണ് വിജിലൻസ് അന്വേഷിക്കേണ്ടത്? അപ്പോഴാണ് ‘കാലതാമസം’ ഉണ്ടെന്ന കണ്ടെത്തൽ. സർക്കാരിന്റെ നിർമ്മാണങ്ങൾ വൈകുന്നെങ്കിൽ ആരാണ് ഉത്തരവാദി? അതു നോക്കി കാര്യക്ഷമമായി നടത്തേണ്ടതു സർക്കാരല്ലെ? സർക്കാരാണു വേണ്ടതു ചെയ്യേണ്ടത്. അതും സ്വന്തം സർക്കാരിന് എതിരെ വരുമെന്നു കണ്ടപ്പോൾ ഗോൾ പോസ്റ്റ് പിന്നെയും ചുമന്നുമാറ്റി.
സർക്കാർ മന്ദിരമായ ക്ലിഫ് ഹൗസിലെ കുളം നന്നാക്കാൻ 2017 നവംബറിൽ നടത്തിയ 29 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത് മഹാപാപമാണെന്ന് അച്ചു നിരത്തിയത്. ഷാർജാസുൽത്താന്റെ സന്ദർശനവേളയിൽ ക്ലിഫ് ഹൗസിന്റെ പുറംചുമർ പെയിന്റു ചെയ്യുന്ന 1.35 ലക്ഷം രൂപയുടെ പ്രവൃത്തിയും ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിച്ചത്രേ!
സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ സർക്കാരാണ് സർക്കാരിതരസ്ഥാപനങ്ങളെ ടെൻഡറില്ലാതെ പ്രവൃത്തി ഏല്പിക്കാൻ അനുമതി നല്കുന്ന ഉത്തരവ് ആദ്യമായി ഇറക്കിയത്.
2014-ലെ ആ ഉത്തരവിൽ, സഹകരണസംഘങ്ങളെയും സംയുക്തസംരംഭങ്ങളെയും ‘സി’ വിഭാഗത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉൾപ്പെടുത്തി. ടെൻഡർനടപടി കൂടാതെതെന്നെ മരാമത്തുപണികൾ ഈ സ്ഥാപനങ്ങളെ ഏല്പിക്കാമെന്ന് ആ ഉത്തരവാണു നിർദ്ദേശിച്ചത്. സർക്കാരിലെ ബന്ധപ്പെട്ട ഭരണവകുപ്പിന് ഏജൻസിയെ തെരഞ്ഞെടുക്കാമെന്നും ആ ഉത്തരവ് അനുമതി നല്കി.

ഡോ.ടി.എം തോമസ് ഐസക്
2016-ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ അതിനു പരിധി നിശ്ചയിക്കുകയാണു ചെയ്തത്. ടെൻഡറില്ലാതെ നല്കാവുന്ന പ്രവൃത്തി ഒരുകോടിരൂപവരെയായി ഞങ്ങൾ പരിമിതപ്പെടുത്തി. അതിനു മുകളിലുള്ളവയ്ക്ക് അക്രഡിറ്റഡ് ഏജൻസികൾക്കിടയിൽ ലിമിറ്റഡ് ടെൻഡർ വിളിക്കണമെന്നും വ്യവസ്ഥ ചെയ്തു. അക്രഡിറ്റേഷൻ നടപടികളും അതിലെ വ്യവസ്ഥകളും സുപ്രീം കോടതിവരെ അംഗീകരിച്ചതുമാണ്.
‘മനോരമ’ പറയുന്ന രണ്ടു പ്രവൃത്തിയും ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിച്ചത് ഈ ഉത്തരവുപ്രകാരമാണ്. ഈ വ്യവസ്ഥകൾ അടങ്ങുന്ന ഉത്തരവ് വി. ഡി. സതീശൻ മന്ത്രിസഭ രണ്ടുവട്ടം നീട്ടിയിട്ടുമുണ്ട്. ഇപ്പോഴും നിലവിലുള്ളത് ഈ വ്യവസ്ഥകൾതന്നെയാണ്.
ചുരുക്കത്തിൽ അതിലും നിയമവിരുദ്ധമായി ഒന്നുമില്ല. ഒരു കോടി രൂപയുടെവരെ പ്രവൃത്തികൾ നല്കാമെന്നിരിക്കെയാണ് 1.35 ലക്ഷത്തിന്റെയും 29 ലക്ഷത്തിന്റെയും പ്രവൃത്തികൾ കൊടുത്തത് മഹാസംഭവമായി മനോരമ പൊക്കിപ്പിടിക്കുന്നത്. അപ്പോൾ അതിലും അഴിമതിയോ നിയമവിരുദ്ധതയോ അന്വേഷണത്തിനുള്ള വകയോ ഇല്ലല്ലോ മനോരമേ. ഇനി എവിടേക്കാണു ഗോൾ പോസ്റ്റ് മാറ്റുന്നത്?





