ട്രംപിനെ ഇംപീച്ച് ചെയ്യുമോ?


ഷാർലി ബഞ്ചമിൻ
കുവൈറ്റിൽ മാധ്യമ പ്രവർത്തകനായിരുന്ന ഷാർളി ബെഞ്ചമിൻ എഴുതുന്നു
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇത് ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രത്യാശയാണ് നൽകിയിരിക്കുന്നത്.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ
ഡെമോക്രാറ്റിക് പാർട്ടി ഇരു സഭകളിലും ഭൂരിപക്ഷം നേടിയതോടെ ഇനിയുള്ള രണ്ടു വർഷത്തെ ഭരണം യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് സുഗമമാവില്ല.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാകും ഇനി കോൺഗ്രസ്. ഇത് ഭരണകൂടത്തെ കൂടുതൽ ശക്തമായി നിരീക്ഷിക്കാനും അതിന്റെ നയങ്ങളെ ചോദ്യം ചെയ്യാനും ഇടയാക്കും.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും നിയമനിർമാണത്തിൽ സ്വാധീനം ചെലുത്താനും പ്രതിപക്ഷത്തിന് കൂടുതൽ അധികാരം നൽകും.
അതേ സമയം ഇറാനുമായുള്ള യുദ്ധം, ഇസ്രയേലുമായുള്ള ചങ്ങാത്തം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വാണിജ്യ കരാർ, റഷ്യ- ഉക്രൈൻ പോരാട്ടം, കുടിയേറ്റ നയങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇനിയും
പ്രസിഡന്റിന് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാം. ഇതിലൊക്കെ പ്രസിഡൻ്റിൻ്റെ തീരുമാനമാണ് അവസാന വാക്ക്.
കൂടാതെ ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ തടയാൻ തനിക്ക് ‘വീറ്റോ’ അധികാരമുണ്ടെന്ന് സൂചിപ്പിച്ച് ‘VETO’ എന്നെഴുതിയ തൊപ്പിയുടെ ചിത്രവും തോൽവിക്ക് പിന്നാലെ ട്രംപ് പങ്കുവെച്ചതും ശ്രദ്ധേയം.

സർക്കാർ ചെലവുകൾ, ബജറ്റ് ചർച്ചകൾ, നിയമനിർമാണം എന്നിവയിലും ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് കൂടുതൽ സ്വാധീനം നൽകും. ട്രംപിന്റെ ആഭ്യന്തര നയങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തടയാനോ ധനസഹായം അനുവദിക്കുന്നതിന് മുൻപ് മാറ്റങ്ങൾ ആവശ്യപ്പെടാനോ അവർക്ക് കഴിയും.
കോൺഗ്രസിന് നിയമപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമെങ്കിലും സ്വമേധയാ തീരുമാനമെടുക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയില്ല.
ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനാകും
ആവശ്യമായ കാരണങ്ങളുണ്ടെന്ന് ഡെമോക്രാറ്റുകൾ കരുതുന്നുവെങ്കിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാൻ അവർക്ക് കഴിയും.
ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്ത രീതി, കുടിയേറ്റ നയങ്ങൾ നടപ്പാക്കിയ വിധം, പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ, അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് നടത്തുന്ന അന്വേഷണങ്ങൾ ഇംപീച്ച്മെന്റ് നടപടികൾക്ക് പ്രസക്തമായേക്കാം.
എന്നാൽ ഇംപീച്ച് ചെയ്യുക എന്നതും അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതും രണ്ടാണ്.
ഇംപീച്ച്മെൻ്റ് ചരിത്രം
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണമനുസരിച്ച് ഇതുവരെ മൂന്ന് പ്രസിഡന്റുമാരാണ് ജനപ്രതിനിധിസഭയിൽ ഇംപീച്ച് ചെയ്യപ്പെട്ടിട്ടുള്ളത്.
ആൻഡ്രൂ ജോൺസൺ
ബിൽ ക്ലിന്റൺ
ഡൊണാൾഡ് ട്രംപ്
എന്നാൽ സെനറ്റിൽ നടന്ന വിചാരണയിൽ കുറ്റവിമുക്തരാക്കപ്പെട്ടതിനാൽ ഇവർ മൂന്നുപേരും അധികാരത്തിൽ തുടർന്നു.
2019ലും 2021ലും ട്രംപ് രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു.
ട്രംപിന് മേൽ വലിയ സമ്മർദ്ദം ഉണ്ടാകും
പ്രസിഡന്റിന്റെ ചില എക്സിക്യൂട്ടീവ് നടപടികളുടെ നിയമപരമായ അടിസ്ഥാനവും അതിനുള്ള സാമ്പത്തിക ചെലവുകളും ഡെമോക്രാറ്റുകൾക്ക് പരിശോധിക്കാം.
കോൺഗ്രസ് അന്വേഷണങ്ങൾക്ക് പ്രസിഡന്റിന്റെ തീരുമാനങ്ങൾ നേരിട്ട് റദ്ദാക്കാനാവില്ലെങ്കിലും പുതിയ നിയമനിർദേശങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, കൂടുതൽ നിയമപരമായ പരിശോധനകൾക്കുള്ള ശുപാർശകൾ എന്നിവയ്ക്ക് വഴിയൊരുക്കാൻ കഴിയും.
ട്രംപ് നിർദേശിക്കുന്ന ജഡ്ജിമാരുടെയും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിയമനങ്ങൾക്കും സെനറ്റ് വലിയ തടസ്സമായി മാറിയേക്കാം.
പുറത്താക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം
ബജറ്റ് ചർച്ചകൾ കൂടുതൽ സംഘർഷഭരിതമാകാനും അന്വേഷണങ്ങളും മേൽനോട്ട ഹിയറിങ്ങുകളും കോൺഗ്രസിന്റെ പ്രധാന അജൻഡയായി മാറാനും സാധ്യതയുണ്ട്.
കോൺഗ്രസ് അന്വേഷണങ്ങളിൽ എന്ത് തെളിവുകൾ പുറത്തുവരുന്നു എന്നതിനെയും ഡെമോക്രാറ്റ് അംഗങ്ങൾ എന്ത് തീരുമാനമെടുക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഇംപീച്ച്മെന്റ് നടപടികൾ വീണ്ടും ഉണ്ടാകുമോ എന്ന് തീരുമാനിക്കപ്പെടുക.
എന്നാൽ ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം ലഭിച്ചതുകൊണ്ടുമാത്രം ട്രംപിനെ അധികാരത്തിൽനിന്ന് പുറത്താക്കാനാവില്ല. സെനറ്റിന്റെ നിയന്ത്രണം ലഭിച്ചതുകൊണ്ട് കുറ്റക്കാരനാണെന്ന് വിധിക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് ഉറപ്പിക്കാനാകുന്നില്ല.






