കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ള് വിൽപനക്കാരിയായ ആദ്യ വനിത
കോട്ടയം: കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാമെന്ന കോടതി നിലപാട് വരുന്നതിനും മാസങ്ങൾക്കു മുമ്പ് കടുത്തുരുത്തി സ്വദേശിനി സിന്ധു രാജീവ് (47) ആ ജോലി ആരംഭിച്ചിരുന്നു.സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ള് വിൽപനക്കാരിയായി ജോലിചെയ്യുന്ന ആദ്യ വനിത സിന്ധുവാണെന്നാണ് വിവരം.
കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിലെ യൂണിയൻ തൊഴിലാളിയായ സിന്ധുവിന് ഭർത്താവ് രാജീവിൻ്റെ മരണത്തെ തുടർന്നാണ് ജോലി ലഭിച്ചത്. 25 വർഷമായി കടുത്തുരുത്തി ടി.എസ്. നമ്പർ 49 ഷാപ്പിൽ വിൽപനക്കാരനായി ജോലി ചെയ്തിരുന്ന രാജീവ് 2025 ജൂലൈ 17നാണ് മരിച്ചത്. ഇതോടെ രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു. ഭർത്താവിൻ്റെ ജോലി ഏറ്റെടുക്കാൻ തയാറാണെന്ന് ഷാപ്പ് ലൈസൻസികളായ അജയനോടും ഫിനിൽ ചെറിയാനോടും സിന്ധു അറിയിച്ചു.അവർ അനുകൂല നിലപാട് ലഭിച്ചതോടെ മൂന്ന് മാസം മുൻപ് ജോലിയിൽ പ്രവേശിച്ചു.
രാവിലെ എട്ടിന് ഷാപ്പിലെത്തുന്ന സിന്ധു രാത്രി എട്ടുവരെ ജോലി ചെയ്യും. മാനേജർ നിറച്ചുവയ്ക്കുന്ന കള്ള് ഉപഭോക്താക്കൾക്ക് അളന്നുനൽകുകയാണ് പ്രധാന ചുമതല. ടൗൺ ഷാപ്പായതിനാൽ നല്ല തിരക്കുണ്ട്. പ്രതിദിനം നൂറ് ലീറ്ററിലധികം കള്ളാണ് ഇവിടെ വിൽക്കുന്നത്.
സ്ത്രീയാണെന്ന കാരണത്താൽ ജോലിയിൽ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്ന് സിന്ധു പറയുന്നു. ഷാപ്പിലെത്തുന്നവരും സഹപ്രവർത്തകരും മാന്യമായാണ് പെരുമാറുന്നത്. സാധാരണ കള്ളുഷാപ്പുകളിൽ ഉണ്ടാകാറുള്ള തർക്കങ്ങളോ ബഹളങ്ങളോ താൻ ജോലിക്കെത്തിയശേഷം ഉണ്ടായിട്ടില്ലെന്നും സിന്ധു പറയുന്നു. അർഹമായ വേതനവും ലഭിക്കുന്നുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥർക്കും തൊഴിലാളി യൂണിയൻ ഓഫീസിലും ക്ഷേമനിധി ബോർഡിലുമെല്ലാം തന്റെ നിയമനം തുടക്കത്തിൽ കൗതുകത്തോടെയാണ് കണ്ടത്. എന്നാൽ, ഇന്ന് ആ ജോലി ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സിന്ധു.






