പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന് മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നു’
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിനുള്ള മറുപടിയാണത്.
രാഹുൽ ഗാന്ധി ഇടയ്ക്ക് തായ്ലൻഡിൽ പോകുന്നത് എന്തിനാണെന്ന് ആം ആദ്മി പാർട്ടി ചോദിച്ചു. ഭഗവന്ത് മന്നെ രാഹുൽ ഗാന്ധി ‘കുടിയൻ’ എന്ന് വിളിച്ചതിന് പിന്നാലെയാണ് ‘പപ്പു’ പോസ്റ്റർ. പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങി. ഇന്ത്യ സഖ്യത്തിലുള്ള ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഉലയുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്.
നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിയിൽ വച്ചാണ് രാഹുൽ ഗാന്ധി എഎപിക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ ആരോപണം അഴിച്ചുവിട്ടത്.പാർലമെന്റിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യഗന്ധം വരാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
“പാർലമെൻ്റിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്ന് തമാശകൾ പറയുമായിരുന്നു. രാവിലെ 11 മണിക്ക് അദ്ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കേണ്ട ഒരു മുഖ്യമന്ത്രി, എല്ലാ ദിവസവും ലഹരിയിലാകരുത്”-രാഹുൽഗാന്ധി പരസ്യമായി പ്രസംഗിച്ചു.

ഇതിന് മറുപടിയായിട്ടാണ് എഎപി രാഹുൽ ഗാന്ധിയെ പപ്പു എന്ന് പരിഹസിക്കുകയും രസകരമായ ‘പപ്പു ഉദ്ധരണികൾ’ പങ്കുവെക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തത്.
മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുമെന്ന വാഗ്ദാനം പാലിക്കാൻ എഎപി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭഗവന്ത് മൻ വെറുമൊരു കാഴ്ചക്കാരനാണെന്നും പഞ്ചാബിനെ ഭരിക്കുന്നത് ഡൽഹിയിൽ നിന്നാണെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടേത് നിലവാരമില്ലാത്ത, വ്യക്തിപരമായ അധിക്ഷേപമാണെന്ന് എഎപി ദില്ലി ഘടകം കൺവീനർ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെയും ഇത്തരം നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും എന്നാൽ തെളിവുകളില്ലാതെ ഇത്രയും തരംതാണ പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുന്നതിന് പകരം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നുവെന്നും ഭരദ്വാജ് വിമർശിച്ചു.






