അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

വിദ്യാർത്ഥികൾ ആധികാരികമായ റഫറൻസുകളും പഠനഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ചോദ്യങ്ങൾ ചലഞ്ച് ചെയ്തിട്ടും അവ പരിഗണിച്ചില്ലെന്നാണ് പ്രധാന ആരോപണം
ന്യൂഡൽഹി:ഇത്തവണത്തെ അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യ്ക്ക് ഗുരുതര വീഴ്ചകൾ.ഇതേതുടർന്ന് വിദ്യാർത്ഥികളുടെ ഉപരിപഠനവും തൊഴിൽഭാവിയും അനിശ്ചിതത്വത്തിൽ. 2022-ലും എൻടിഎയുടെ പരീക്ഷാ നടത്തിപ്പിലെയും തുടർനടപടികളിലെയും വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് ആറുമാസത്തോളം നഷ്ടമായിരുന്നു. 2022 ഒക്ടോബറിൽ നടന്ന പരീക്ഷയ്ക്കുശേഷം 2023 ഏപ്രിലിലാണ് പിജി ക്ലാസുകൾ ആരംഭിച്ചത്.ഇത്തവണയും സമാന അവാസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആയുഷ് ചികിത്സാശാഖകളിലെ ബിരുദാനന്തര ബിരുദ (പിജി) പ്രവേശനത്തിനായി ദേശീയതലത്തിൽ എൻടിഎ നടത്തുന്ന പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ ഗുരുതര ആരോപണങ്ങളാണുയർന്നത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ, സാങ്കേതിക തകരാറുകൾ, ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം, തുടർപ്രവേശന നടപടികളിലെ കാലതാമസം എന്നിവ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ജയ്പൂരിലെ ശ്രീ സത്യസായി പി.ജി. കോളേജ് ഉൾപ്പെടെയുള്ള ചില പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷയ്ക്കിടെ വൈദ്യുതി തടസ്സം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ആവശ്യമായ ബാക്കപ്പ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ മുറികളിലിരുന്ന് പരീക്ഷ എഴുതേണ്ടിവന്നതായും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ദേശീയതലത്തിൽ നടത്തുന്ന സുപ്രധാന പ്രവേശന പരീക്ഷയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്തത് എൻടിഎയുടെ സംഘാടന സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ്.
ചില പരീക്ഷാകേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ പരിശോധനകൾ നടത്തിയില്ലെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ചോദ്യച്ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച പരാതികളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. ഇത്തരം ആരോപണങ്ങൾ ഗൗരവമായി പരിശോധിച്ച് പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്.
വൈദ്യുതി തടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്ന 49 ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ ഒന്നിന് പുനഃപരീക്ഷ നടത്തേണ്ടിവന്നതും പരീക്ഷാ ആസൂത്രണത്തിലെ പോരായ്മകളിലേക്കാണ് വിരൽചൂണ്ടുന്നത്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നേരിടേണ്ടിവന്നത് വലിയ മാനസിക സമ്മർദ്ദത്തിനും അനിശ്ചിതത്വത്തിനും കാരണമായി.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലകളിലോ സമീപ പ്രദേശങ്ങളിലോ പരീക്ഷാകേന്ദ്രം ലഭിക്കാതെ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്നതായും പരാതിയുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യതയും സമയനഷ്ടവും യാത്രാക്ലേശവും സൃഷ്ടിച്ചു.
ഉത്തരസൂചികയിലെ പിഴവുകൾ; കോടതിയുടെ ഇടപെടൽ
പരീക്ഷാ പാറ്റേണിൽ ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെങ്കിലും അതിനനുസരിച്ച് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. എന്നാൽ അതിനേക്കാൾ ഗൗരവമേറിയ പ്രശ്നമായി ഉയർന്നുവന്നിരിക്കുന്നത് തെറ്റായ ചോദ്യങ്ങളും ഉത്തരസൂചികയിലെ പിഴവുകളും സംബന്ധിച്ച പരാതികളോടുള്ള എൻടിഎയുടെ സമീപനമാണ്.
വിദ്യാർത്ഥികൾ ആധികാരികമായ റഫറൻസുകളും പഠനഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം നിരവധി ചോദ്യങ്ങൾ ചലഞ്ച് ചെയ്തിട്ടും അവ പരിഗണിച്ചില്ലെന്നാണ് പ്രധാന ആരോപണം. വിദ്യാർത്ഥികളുടെ പരാതികൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനെത്തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിലെത്തുകയും വിഷയവിദഗ്ധരുടെ സമിതി മുഖേന ഉത്തരങ്ങൾ പുനഃപരിശോധിക്കുന്നതിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
കൗൺസിലിംഗും അനിശ്ചിതത്വത്തിൽ
തുടർന്ന് ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി കൗൺസിലിംഗ് നടപടികൾ ആരംഭിച്ചെങ്കിലും നിയമനടപടികളുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഉപരിപഠനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. പ്രവേശന നടപടികൾ എപ്പോൾ പൂർത്തിയാകുമെന്നതിൽ വ്യക്തതയില്ലാത്തത് വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
പ്രവേശനത്തിലെ കാലതാമസം; തൊഴിൽ അവസരങ്ങളും നഷ്ടപ്പെടും
പിജി പ്രവേശന നടപടികൾ അനാവശ്യമായി നീണ്ടുപോകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ മാത്രമല്ല, ഭാവിയിലെ തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രവേശനം വൈകുന്നത് കോഴ്സ് പൂർത്തിയാക്കി വിദ്യാർത്ഥികൾ പുറത്തിറങ്ങുന്ന സമയക്രമത്തെയും ബാധിക്കും. ഇതിന്റെ പ്രത്യാഘാതമായി UPSC, CCRAS റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പോലും വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പ്രത്യേകിച്ച് പ്രായപരിധിയും നിശ്ചിത യോഗ്യതാ സമയപരിധിയും ബാധകമായ തസ്തികകളിൽ ഇത്തരം കാലതാമസം വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാകും. ഒരു വർഷത്തെ അക്കാദമിക് കാലതാമസം പോലും ചിലരുടെ കരിയർ പദ്ധതികളെയും തുടർതൊഴിൽ സാധ്യതകളെയും ബാധിച്ചേക്കാം. വിദ്യാർത്ഥികളുടെ നിയന്ത്രണത്തിന് അതീതമായ ഭരണപരമായ വീഴ്ചകൾ അവരുടെ അക്കാദമിക് വർഷവും തൊഴിൽ അവസരങ്ങളും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.






