‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

നവംബർ 20 നും 25 നും ഇടയിൽ എല്ലാ ജില്ലകളിലേയും മാധ്യമം ബ്യൂറോ ഓഫീസുകളിലേക്ക് ട്രേഡ് യൂണിയനുകളുടെ ബഹുജന മാർച്ച്
തിരുവനന്തപുരം: മാധ്യമത്തിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനും ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് പരിഹാരം കാണാനും മുഖ്യമന്ത്രി ഉടൻ ഇടപടണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. മാധ്യമം ജീവനക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിസംബർ ഒമ്പതിന് ആയിരങ്ങളെ പങ്കെടുപ്പിച്ച് നിയമസഭാ മാർച്ച് നടത്താനും തീരുമാനിച്ചു. അതിന് മുന്നോടിയായി നവംബർ 20 നും 25 നും ഇടയിൽ എല്ലാ ജില്ലകളിലേയും മാധ്യമം ബ്യൂറോ ഓഫീസുകളിലേക്ക് ട്രേഡ് യൂണിയനുകളുടെ ബഹുജന മാർച്ച് നടത്തും. നവംബർ 20 ന് മാധ്യമം ആസ്ഥാനമായ വെള്ളിമാടുകുന്നിൽ തൊഴിലാളി- ബഹുജന സംഗമം നടത്തും. ഉപരോധം ഉൾപ്പെടെ സമരപരിപാടികൾക്ക് സംഗമം രൂപം നൽകും.
പി.ഡബ്ലൂ.ഡി റസ്റ്റ്ഹൗസ് ഹാളിൽ കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസണിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന അസി. ജനറൽ സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രശ്ന പരിഹാരത്തിന് മാധ്യമം മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതരായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മാധ്യമം ഓഫീസിന് മുന്നിൽ ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്. തൊഴിൽമന്ത്രി വിളിച്ച യോഗത്തെ പോലും മാനേജ്മെന്റ് അവഗണിക്കുകയാണ്. ആ സാഹചര്യത്തിലാണ് വിഷയത്തിൽ എം.എൽ.എമാരുടെ ശ്രദ്ധ കൊണ്ടുവരുന്നതിന് അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് നിയമസഭാമാർച്ച് നടത്തുന്നത്. ദാരുണമായ ദുരന്തത്തിലാണ് മാധ്യമം ജീവനക്കാർ. സാമ്പത്തിക പ്രതിസന്ധിയെന്ന മാനേജ്മെന്റിന്റെ വാദം വിശ്വസിക്കാനാകുന്നില്ല. ജീവനക്കാർ ദുരതത്തിലായിട്ടും മാധ്യമത്തിന് നേട്ടമാണുണ്ടാകുന്നത്. മാധ്യമം അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന തെറ്റായ പ്രചാരണം മാനേജ്മെന്റ് തുടരുകയാണ്. നീതിയുടെ അപ്പോസ്തലൻമാരാണ് ഈ പത്ര മാനേജ്മെന്റ് എന്നതും ശ്രദ്ധേയം. ഇരിക്കുന്ന കൊമ്പുമുറിക്കുന്ന കാളിദാസൻമാരാണ്
മാധ്യമത്തെ ഈ അവസ്ഥയിലാക്കിയെന്ന് അവർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് തന്നെയുണ്ട്. ജീവനക്കാർക്ക് ശമ്പളം കൊടുക്കില്ലെന്ന മാനേജ്മെന്റിന്റെ ധൈര്യത്തിന് പിന്നിൽ എന്താണ്. തൊഴിൽ നയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിലകൊള്ളണം. ജില്ലാ ലേബർ ഓഫീസ് തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ സർക്കാർ തയാറാകണം. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, ആർ. പ്രസാദ് ( എ. ഐ. ടി. യു.സി ദേശീയ സെക്രട്ടറി), എച്ച് എം. കെ. പി സംസ്ഥാന പ്രസിഡൻ്റ് എ.എസ്. രാധാകൃഷ്ണൻ, കെ.ടി.യു.സി പ്രസിഡൻ്റ് കവടിയാർ ധർമ്മൻ, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ വി.കെ ശ്രീജ ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറി ആർ. രാമു, എ.ഐ. ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ ആർ. സജിലാൽ, അഡ്വ. ജോർജ് തോമസ്, ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട് , കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, ജന.സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാസെക്രട്ടറി അനുപമ ജി നായർ, നിയുക്ത ജില്ലാ പ്രസിഡൻ്റ് രാകേഷ് നായർ, സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു.






