പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

‘സാധാരണ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നതാണ് എന്നും ആവേശം’
തിരുവനന്തപുരം:ചലച്ചിത്രമേളകൾ ലക്ഷ്യമിട്ടല്ല, മറിച്ച് സ്വന്തം കഴിവും പരിധികളും സ്വയം പരീക്ഷിക്കാനുള്ള പരിശീലനമെന്ന നിലയിലാണ് സിനിമകൾ ചെയ്തു തുടങ്ങിയതെന്ന് സംവിധായിക അനുരാധ ഇന്ദിര. 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധ നേടിയ തന്‍റെ ചിത്രമായ ‘അപ്പം ആൻഡ് അപ്പോളോജിസി’നെ പറ്റി സംസാരിക്കുകയായിരുന്നു അനുരാധ.
അവസാന നിമിഷമാണ് ചിത്രം മേളയിലേക്ക് അയച്ചത്. ഇത്രയും വലിയൊരു വേദിയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ആത്മവിശ്വാസവും പ്രതീക്ഷയും ഉയർത്തി. തന്റെ മുൻകാല ചിത്രങ്ങളായ ‘ഹാപ്പി ടുഗെദർ’, ‘ഹലോ’ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. പ്രേക്ഷകർ സിനിമയെ സ്വീകരിച്ചതിൽ സ്ന്തോഷമുണ്ടെന്നും സംവിധായിക പറഞ്ഞു.

അനുരാധ ഇന്ദിര
കുഞ്ഞ് പിറന്നതിന് ശേഷം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയിലായിരുന്നു. ആ സമയം നിരന്തരം എഴുതുന്നുണ്ടായിരുന്നെങ്കിലും കുറെയധികം ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഛായാഗ്രാഹകനായ ജീവിതപങ്കാളി നൽകുന്ന പിന്തുണയും ആശയങ്ങളുമാണ് വീണ്ടും സജീവമാകാൻ കരുത്ത് പകർന്നത്. സംവിധായകൻ ഗിരീഷ് എ.ഡിയാണ് സിനിമയിൽ ഏറ്റവും സ്വാധീനിച്ചത്. അദ്ദേഹത്തോടൊപ്പം ഹ്രസ്വചിത്രങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടുമുണ്ട്. കൂടാതെ ഡോൺ പാലത്തറ ഉൾപ്പെടെയുള്ള സംവിധായകരുമായുള്ള സംഭാഷണങ്ങളും സിനിമയെ പറ്റി കൂടുതൽ അറിയാനുള്ള പാഠങ്ങളായിരുന്നു- അനുരാധ പറഞ്ഞു.
സാധാരണ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നതാണ് എന്നും ആവേശം നൽകുന്നത്. “നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പകുതിവഴിയിൽ ഉപേക്ഷിക്കാതെ തുടരുക. വളരാനുള്ള മനോഭാവവും വിമർശനങ്ങളെ നേരിടാനുള്ള സന്നദ്ധതയുമാണ് പ്രധാനം. തോൽവിയോ സംശയങ്ങളോ തോന്നുമ്പോഴാണ് യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്”-സിനിമയിലേക്കെത്തുന്ന തുടക്കകാരോടായി അനുരാധ പറയുന്നു. ഐ. ഡി. എസ്. എഫ്. എഫ്. കെ പോലുള്ള മേളകളിൽനിന്ന് മറ്റ് ചലച്ചിത്രപ്രവർത്തകരെ നേരിട്ട് കണ്ട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം തുടക്കക്കാർ പ്രയോജനപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.






