മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ്
തിരുവനന്തപുരം:യുഡിഎഫില്‍ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു.
ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ മുനീറിൻ്റെ ഭരണ പരിഷ്‌കാരണ കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും,ഫോർവേഡ് ബ്ളോക് നേതാവ് ജി.ദേവരാജനെ ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി നിയമനത്തിലും ചർച്ച നടത്താത്തതിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കി.
യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
‘യുഡിഎഫില്‍ കൂട്ടായ ആലോചന വേണം. എന്തൊക്കെ കാര്യങ്ങള്‍ യുഡിഎഫില്‍ നടക്കുന്നു എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ പോകുന്നത് ദുഃഖകരമാണ്. ചര്‍ച്ചയും ആലോചനയും ഇല്ലാതെയാണ് പല തീരുമാനങ്ങളും നടപ്പാക്കുന്നത്. പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെ. എം കെ മുനീറിനും ജി ദേവരാജനും കാബിനറ്റ് പദവി നല്‍കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് കണ്‍വീനര്‍ എന്ന ചുമതല ഏല്‍പ്പിച്ചത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ്. എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കും’, അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ല താന്‍ ചെയ്യുന്നതെന്നും തന്‍റെ അനുഭവമാണ് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കൺവീനറുടെ ചുമതലയാണ്. പക്ഷേ ചെയർമാൻ്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾ തന്നെയാണെന്നും അർഹതപ്പെടാത്ത ആർക്കും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എന്നെ അറിയിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് വിശദീകരിച്ചു.






