ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

ചിന്നക്കനാൽ കോളനി വിഷയം: മുൻപത്തെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം:ചിന്നക്കനാലിലെ 301 കോളനി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
301 കോളനി ആനത്താരയിലാണെന്നും അവിടെ ആദിവാസികളെ പുനരധിവസിപ്പിക്കരുതെന്നും മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനത്താരകൾ നിലനിർത്തിക്കൊണ്ട് ആദിവാസികൾക്ക് ഭൂമി നൽകണമെന്നും, പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി 2002 മാർച്ച് 13-ന് വനം വകുപ്പിലെ ഉദ്യോഗസ്ഥൻ സർക്കാരിലേക്ക് അയച്ച വിശദമായ കത്ത് ഫയലിൽ ഉള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.
വനം വകുപ്പിന്‍റെ അന്നത്തെ അഭിപ്രായത്തെ മറികടന്നുകൊണ്ടാണ് അന്ന് സർക്കാർ നടപടികളുമായി മുന്നോട്ട് പോയത് എന്നാണ് താൻ മനസ്സിലാക്കിയിരുന്നത്. ഫയലിലുള്ള ഒരു ഔദ്യോഗിക രേഖയിലെ വസ്‌തുത ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഇതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിൽ തീവ്രമായ രണ്ട് ചേരികളിൽ നിന്നുകൊണ്ടുള്ള ശത്രുത ഒഴിവാക്കി, പ്രായോഗികമായ ഒരു മധ്യമാർഗ്ഗമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ കോ എക്സിസ്റ്റൻസ് കേരളയും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വന സ്പന്ദനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്‍റെയും പ്രകൃതിയുടെയും സഹവർത്തിത്വമാണ് സർക്കാരിൻ്റെ അടിസ്ഥാന ലക്ഷ്യം. പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ആദിവാസികൾ തുടങ്ങിയ എല്ലാ പങ്കാളികളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. ഒരു ഭാഗത്ത് കർഷകരുടെ അവകാശങ്ങളും മറുഭാഗത്ത് വനസംരക്ഷണവും കൃത്യമായ അതിർത്തിനിർണയത്തോടെ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ‘കണ്ടെയ്ൻമെന്റ്’ (തടയൽ), ‘മിറ്റിഗേഷൻ’ (ലഘൂകരണം), ‘കൃത്യസമയത്തുള്ള നഷ്ടപരിഹാരം’ എന്നീ ത്രിതല സമീപനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തും. വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും, ചില പ്രത്യേക ഘട്ടങ്ങളിൽ ജനസംഖ്യാ നിയന്ത്രണം (Population control) ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനങ്ങളിൽ സ്വാഭാവിക വനങ്ങളും പുൽമേടുകളും പുനഃസ്ഥാപിക്കുന്നതിനൊപ്പം അധിനിവേശ സസ്യങ്ങളെ പൂർണ്ണമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
പരിസ്ഥിതി സംരക്ഷണം വരുംതലമുറയിലേക്ക് എത്തിക്കുന്ന തരത്തിൽ വലിയ ബോധവൽക്കരണ പ്രവർത്തനങ്ങളായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ: പി പുകഴേന്തി അദ്ധ്യക്ഷത വഹിച്ചു.മുൻ എപി സി സി എഫ് പ്രകൃതി ശ്രീവാസ്തവ, അഭിഭാഷകരായ റിത്വിക് ദത്ത, ഹരീഷ് വാസുദേവൻ, സന്ദേഷ് രാജ തുടങ്ങിയവർ സംസാരിച്ചു. എൻ ബാദുഷ സ്വാഗതം പറഞ്ഞു. രാവിലെ നടന്ന പാനൽ ചർച്ചയിൽ ഡോ.പി എസ് ഈസ വിഷയം അവതരിപ്പിച്ചു. ഡോ: വി സുഭാഷ് ചന്ദ്ര ബോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രേർണ സിംഗ് ബിന്ദ്ര, മീര ചന്ദ്രൻ ,മുനീർ തോൽപ്പെട്ടി, ടി എസ് സന്തോഷ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.






