ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ അമര്‍ഷവും അതൃപ്തിയും :സിവിൽ സർവീസ് ബോർഡ് ചേരാതെ സ്ഥലംമാറ്റം

കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപം
തിരുവനന്തപുരം:കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമര്‍ഷവും അതൃപ്തിയും.സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് ധൃതിപിടിച്ച് പുതിയ ഉത്തരവിറക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന വിമർശനം.സിവിൽ സർവീസ് ബോർഡ് യോഗം ചേർന്ന് മാത്രമേ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാവൂ എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്.
സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിതിരെ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ബി അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. അത് പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ കഴിഞ്ഞ ദിവസം നടന്ന കൂട്ട സ്ഥലമാറ്റമെന്നാണ് പരാതി.
എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി പകരം എൻ. പ്രശാന്തിനെ നിയമിച്ചു.കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് ഈ സർക്കാർ വന്നശേഷമാണ് രാജമാണിക്യത്തെ നിയമിച്ചത്.അടിയ്ക്കടി ചെയർമാൻമാരെ മാറ്റുന്ന സ്ഥിതി പാടില്ലെന്ന് അഭിപ്രായപ്പെട്ട യു.ഡി.എഫാണ് ആറുമാസത്തിനിടെ ചെയർമാനെ മാറ്റിയത്.1500 കോടി രൂപയുടെ വഴിവിട്ട വൈദ്യുതി കരാർ നടപ്പാക്കാൻ ഉന്നതതല സമ്മർദം ഉണ്ടായെങ്കിലും അതിന് വഴങ്ങാത്തതാണ് ചെയർമാനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന.അഴിമതിക്കിടയാക്കുന്ന ആ ഇടപാട് കെഎസ്ഇബിക്കും കേരളത്തിനും വൻ നഷ്ടം വരുത്തി വയ്ക്കുമെന്ന് വ്യക്തമാക്കിയാണ് രാജമാണിക്യം കരാറിൽ ഒപ്പിടാൻ തയ്യാറാവാത്തത്.

ഡോ.ശർമിള മേരി ജോസഫ്,എം.ജി രാജമാണിക്യം,എൻ. പ്രശാന്ത്
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിലേക്ക് മാറ്റി; പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി.ആരോഗ്യ മന്ത്രിയുടെ ആവശ്യ പ്രകാരം ആ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടന്നത് മുഴുവൻ അഴിമതിയാണെന്ന് റിപ്പോർട്ട് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മന്ത്രി, സെക്രട്ടറിയുമായി നീരസത്തിലായിരുന്നു.
കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്കും മിൻഹാജ് ആലത്തെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും മാറ്റിയിട്ടുണ്ട്.കെഎസ് ഇബിയുടെ 1500 കോടിയുടെ വിവാദകരാറിന് പിന്തുണ നൽകാതെ രാജമാണിക്യത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയതാണ് ജ്യോതിലാലിനെ മാറ്റാനിടയാക്കിയതെന്നാണ് വിവരം.






