കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

‘അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല’
തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സിന്ധു സൂര്യകുമാർ
തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ മാറ്റുന്ന പാർട്ടിയുടെ പൊതുവായ നിലപാടാണ് കെ.കെ. ശൈലജയുടെ കാര്യത്തിലും ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘തലശ്ശേരി പോലൊരു മണ്ഡലത്തിൽ പുതിയൊരാളെ നിർത്തി വിജയിപ്പിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. അങ്ങനെയുള്ള ഉറച്ച മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാൻ പാർട്ടി എപ്പോഴും തയ്യാറാകും. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വാധീനം വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വരുമ്പോൾ അവിടെ മാറ്റങ്ങൾ വരുത്താൻ പാർട്ടി മടിക്കാറുണ്ടെന്ന്’ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജയും
മട്ടന്നൂർ മണ്ഡലം പാർട്ടിയെ സംബന്ധിച്ച് സുരക്ഷിതമായ ഒന്നാണ്. അവിടെ ആര് നിന്നാലും ജയിച്ചു വരാവുന്ന സാഹചര്യമുണ്ട്. അങ്ങനെയുള്ള മണ്ഡലങ്ങളിൽ ‘അടുത്ത തവണയും ടീച്ചർ തന്നെയാകട്ടെ’ എന്ന നിലപാട് പാർട്ടി സ്വീകരിക്കാറില്ലെന്നും, ഇത് പാർട്ടിയുടെ സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
കെ.കെ. ശൈലജയെ ഭാവിയിലെ മുഖ്യമന്ത്രിയായോ അല്ലെങ്കിൽ തന്‍റെ പിൻഗാമിയായോ ജനങ്ങൾ കണ്ടിരുന്നില്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘ഞങ്ങളുടെ ഇടയിൽ അങ്ങനെയൊരു ധാരണയില്ല എന്നതാണ് യാഥാർത്ഥ്യം. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല. ഓരോ ഘട്ടത്തിലും അതാത് സമയത്തെ സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അങ്ങനെ ഒരു ആവശ്യം വരുമ്പോൾ പാർട്ടി ഉചിതമായ തീരുമാനമെടുക്കും.’

മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജയും
വ്യക്തി കേന്ദ്രീകൃതമായ ചർച്ചകൾക്ക് പാർട്ടിക്കുള്ളിൽ പ്രസക്തിയില്ലെന്നും, കൂട്ടായ തീരുമാനങ്ങൾക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, പാർട്ടിയുടെ പ്രവർത്തന ശൈലി ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്ന് തന്നെയാണ് പാർട്ടി നൽകിയിട്ടുള്ള കർശനമായ നിർദ്ദേശം. ആ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെ സ്ത്രീകളെ പരമാവധി ഉൾക്കൊള്ളിക്കുവാനുള്ള ശ്രമങ്ങൾ എല്ലാ തലത്തിലും നടന്നിട്ടുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ആ ശ്രമം പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എല്ലായിടത്തും ഒരേപോലെ ഇടപെടാൻ സാധിക്കാത്ത ചില സാഹചര്യങ്ങൾ കാരണമാണ് ഇത് സംഭവിക്കുന്നത്,’ മുഖ്യമന്ത്രി ഇതു സംബന്ധിച്ച ചോദ്യത്തിനുത്തരമായി വിശദീകരിച്ചു.






