ട്രംപിൻ്റെ യുദ്ധം വി.ഡിസതീശനെയും വലയ്ക്കും

ഇടഞ്ഞു നിൽകുന്ന ലത്തീൻസഭയുടെ സമര നീക്കവും
ബിസിനസ് ലേഖകൻ
കോട്ടയം:പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും ആഗോള ഊർജ ക്ഷാമത്തിന്‍റെയും പശ്ചാത്തലത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും തുടർച്ചയായി വർദ്ധിപ്പിച്ചത് കേരളത്തിൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന് വൻതിരിച്ചടിയാവും.
സർക്കാരിന് സ്ത്രീ വോട്ട് നേടിക്കൊടുത്ത ജനപ്രിയ പ്രഖ്യാപനമായ വനിതകളുടെ സൗജന്യയാത്ര എന്ന വാഗ്ദാനം തന്നെ നടപ്പിലാക്കുന്നതിന് ഈ വിലകയറ്റം വില്ലനായി നിൽക്കും .
ഒരാഴ്ച്ച മുൻപ് ലിറ്ററിന് മൂന്ന് രൂപയും സി.എൻ.ജി വില കിലോഗ്രാമിന് രണ്ടുരൂപയും വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കായിരുന്നു .അതിനു പിന്നാലെയാണ് ഇന്ന് ഒരു രൂപയ്ക്ക് അടുത്തുവരുന്ന രണ്ടാമത്തെ വിലവർദ്ധന .നാലുവർഷത്തിനിടയിലെ ഏറ്റവും വലിയവിലയിലാണ് പുതിയ വർദ്ധന പുലർച്ചെ പ്രാബല്യത്തിൽ വന്നതോടെ ചരിത്രത്തിലെ ഉയർന്നവിലയിലാണ് ഇന്ധനം.
സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നതാണ് ഇന്ധനവില വർധന. പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും പോകുന്ന സാധാരണക്കാരുടെ മാസച്ചെലവ് ക്രമാതീതമായി ഉയരും.
ഇന്ധനവില കൂട്ടിയത് എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും. പച്ചക്കറി, അരി, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയ്ക്കായി കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡീസൽവില ഒറ്റയടിക്ക് കൂട്ടിയതോടെ ചരക്ക് കടത്തുകൂലി കുത്തനെ ഉയരും. ഇത് വിപണിയിൽ മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖലകളിൽ വിലക്കയറ്റത്തിന് കാരണമാകും.
വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്കും സ്വകാര്യ ബസുകൾക്കും പുതിയ ഡീസൽ നിരക്ക് വലിയ ആഘാതമാണ്. വരുമാനത്തിലെ ഇടിവും ഉയർന്ന പ്രവർത്തനച്ചെലവും കാരണം ബസ് വ്യവസായം ഇപ്പോൾതന്നെ തകർച്ചയിലാണ്. ബസ് ചാർജ് വർധനയ്ക്കായി ഉടമകൾ സമ്മർദം ശക്തമാക്കാൻ സാധ്യതയുമുണ്ട്.
ഞെട്ടിച്ചുകൊണ്ടാണ് ഇന്ധനവില വർധിപ്പിച്ചത്. ജീവിതച്ചെലവ് കൂടിയത് കാരണം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഓട്ടോ, ടാക്സി ഡ്രൈവർമാർ.
വാണിജ്യ എൽ.പി.ജി. നിരക്കുകൾക്ക് പിന്നാലെ ഇന്ധനവിലയും ഉയർന്നത് ഹോട്ടൽ വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. എൽ.പി.ജി. വിലവർധനയും ക്ഷമവും കാരണം ചെറുകിട ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. പലതും പൂട്ടലിൻ്റെ വക്കിലുമാണ്.
ഇടഞ്ഞു നിൽകുന്ന ലത്തീൻസഭയുടെ സമര നീക്കവും ഇതിനിടയിൽ ഉണ്ടാകും . കാരണം മീൻപിടിത്ത യാനങ്ങളിൽ ഇന്ധനമായി ഡീസലാണ് ഉപയോഗിക്കുന്നത്. മീൻ ലഭ്യതക്കുറവ് കാരണം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖലയെ ഡീസൽ വിലക്കയറ്റം കാര്യമായി ബാധിക്കും.






