മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു,ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം

സിപിഎം തിരുത്തൽ നിർദേശങ്ങൾ അറിയിക്കാൻ 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും
തിരുവനന്തപുരം :മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചുവെന്നും ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.സിപിഎം സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻ ആണെന്ന കള്ളപ്രചാരണവേലയും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽനിന്ന് മാറ്റി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയത്. മതനിരപേക്ഷ കേരളത്തിൽ വളരെ അപകടകരമായ ഒന്നാണ് ഇത്. ദുരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒന്നാണ് ഇത്. മതനിരപേക്ഷ ഉള്ളടക്കത്തെ അംഗീകരിച്ചു പോകുന്ന സമീപനമായിരുന്നു മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, അത് മാറ്റി മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് ശ്രമിച്ചു. ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസും അതിന് കൂട്ടുനിന്നു.
തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് മനസിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്താകെ നിലനിൽക്കുന്ന വലതുപക്ഷ വത്കരണം കേരളത്തിന്‍റെ ചിന്താ മണ്ഡലത്തിലും ശക്തമായിരുന്നു. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളുടെയും യോഗം ആഗസ്തിൽ ചേരും. ഇതിന് മുന്നോടിയായി, പാർടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയാകെയും അഭിപ്രായം തേടും. ഈ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ എല്ലാവരുടെയും പിന്തുണതേടും.പാർട്ടിയിലെ തിരുത്തലിന് പൊതുജനാഭിപ്രായം തേടും. എല്ലാവർക്കും പങ്കെടുക്കാം. പുതുവഴികൾ എന്ന പേരിൽ മെയിൽ ഐ ഡിയും വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഇതിനായി ഉണ്ടാകും. 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും ഇതിനായി ഉപയോഗിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഏറെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവന നേരത്തെ തള്ളിയതാണ്. അതില്‍ ശക്തിയായി ഇടപെടല്‍ നടത്തുന്നതില്‍ പോരായ്മ സംഭവിച്ചു എന്നത് സ്വയം വിമര്‍ശനമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ‘വെള്ളാപ്പള്ളി ഉയര്‍ത്തുന്ന വര്‍ഗീയമായ ഒരു നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് പറഞ്ഞതാണ്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. ഞങ്ങള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായത്.
ആഗോള അയ്യപ്പസംഗമവും വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന പ്രചാരണം ജനങ്ങളിൽ ആശയ കുഴപ്പമുണ്ടാക്കി. യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചത് തെറ്റാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് ഡീൽ ശക്തമായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി.30 മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കുകയും ചിലയിടത്തു തിരിച്ചു വോട്ടു നല്‍കുകയും ചെയ്തു. മൂന്നു സീറ്റ് കിട്ടിയ ബിജെപിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 6 ശതമാനം വോട്ട് കുറവാണ് കിട്ടിയത്. ആ വോട്ടുകള്‍ യുഡിഎഫിനാണ് കിട്ടിയത്. യുഡിഎഫ് ഭരണം വന്നതിനു തൊട്ടു പിന്നാലെ ബിജെപി-യുഡിഎഫ് ഡീല്‍ വ്യക്തമാകുകയും ചെയ്തു.

പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും അംഗീകരിച്ചുവെന്നും എം വി ഗോവിന്ദൻ അറിയിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
തളിപ്പറമ്പിൽ എം വി ഗോവിന്ദൻ്റെ ഭാര്യ പി. കെ. ശ്യാമളയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി.എം വി ഗോവിന്ദൻ എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട ടി. കെ. ഗോവിന്ദൻ ,പി. കെ. ശ്യാമള യെ 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
ബന്ധുക്കളേയും സ്വന്തക്കാരേയും യു ഡി എഫ് നിയമിക്കുകയാണെന്ന വിമർശനവും സി പി എം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു. ബന്ധുവിന്‍റെ അല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യം. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. സസ്പെൻഷനിലായ ഐ എ എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനം സംഘപരിവാർ താൽപര്യപ്രകാരമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.





