അരഡസൻ സീറ്റുകളിൽ പരിഗണിക്കപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും സീറ്റില്ല,അച്ചടിച്ച പോസ്റ്ററും ഫ്ളക്സും ബാക്കി

കേരളാ കോൺഗ്രസ് ഏറ്റുമാനൂർ വിട്ടുകൊടുത്തത് സ്ഥാനാർഥി ജോസഫ് വാഴയ്ക്കനെന്ന ധാരണയിൽ
കോട്ടയം:അരഡസൻ സീറ്റുകളിൽ പരിഗണിക്കുകയും ഒടുവിൽ ഏറ്റുമാനൂർ ഉറപ്പിക്കുകയും ചെയ്ത ജോസഫ് വാഴയ്ക്കനെ അപ്രതീക്ഷിതമായി വെട്ടിയപ്പോൾ നഷ്ടമായത് ലക്ഷക്കണക്കിന് രൂപ.അച്ചടിച്ചു കഴിഞ്ഞ ലക്ഷക്കണക്കിന് പോസ്റ്ററുകളും രണ്ടായിരത്തഞ്ഞൂറിലേറെ ഫ്ലക്സ് ബോർഡുകളും എവിടെ കുഴിച്ചുമൂടുമെന്നറിയാതെ വിഷമിക്കുകയാണ് യു.ഡി.എഫ് നേതാവ്.
കെ എസ് യൂ സംസ്ഥാന അധ്യക്ഷൻ, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, രാഷ്ട്രീയ കാര്യ സമിതി അംഗം എന്നിങ്ങനെ വിവിധ നിലകളിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ജോസഫ് വാഴയ്ക്കന് സ്ഥാനങ്ങൾ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല.ഇടുക്കി ലോക്സഭാ സീറ്റ് ഏറെക്കുറെ ഉറച്ച അവസ്ഥയിലാണ് അത് ഗ്രൂപ്പ് വീതം വയ്ക്കലിൽ ഡീൻ കുര്യാക്കോസിലേക്ക് പോയത്.കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ സ്ഥാനാർഥിത്വം ഉറച്ചെങ്കിലും ഹൈക്കമാൻഡ് ഇടപെടലിൽ മാത്യു കുഴൽനാടൻ വന്നപ്പോൾ വാഴയ്ക്കൻ ഔട്ടായി.കോൺഗ്രസിലെ ഐ പക്ഷത്തിൻ്റെ മുന്നണി പോരാളിയായ വാഴയ്ക്കൻ ഇപ്പോൾ രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനാണ്.കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.മറ്റൊരു മണ്ഡലത്തിലേക്ക് ഉറച്ച അദ്ദേഹത്തെ അവസാനം ഏറ്റുമാനൂരിലേക്ക് മാറ്റിയതോടെ ഇത്തവണയും ഈ മുതിർന്ന നേതാവിന് സീറ്റില്ലാതായി.

കേരളാ കോൺഗ്രസിൽനിന്ന്പിടിച്ചെടുത്ത സീറ്റാണ് ഏറ്റുമാനൂർ.ജോസഫ് വാഴയ്ക്കനുവേണ്ടി എന്ന നിലയിലാണ് അവർ അവസാനം ഈ സീറ്റ് വിട്ടുകൊടുക്കാമെന്ന് അറിയിച്ചത്.
ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കൻ്റെ വാദം.
ഏറ്റുമാനൂരിൽ സീറ്റിൽ നിന്ന് തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. അവസാന നിമിഷത്തെ ഈ മാറ്റം പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി.
ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.
ആദ്യം മുതല്‍ തന്‍റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്‍റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
ജോസഫ് വാഴയ്ക്കൻ്റെ ഫെയ്സ് ബുക് കുറിപ്പ്:
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാർത്തകളിൽ എന്‍റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്. ജോസഫ് വാഴയ്ക്കൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്നാണ് വാർത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ എന്‍റെ പേരിനൊപ്പം പറയുന്ന കോൺഗ്രസ് എന്നതാണ് എന്‍റെ ഐഡന്റിറ്റി. ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവർത്തകനിൽ നിന്ന് കെ എസ് യൂവിൻ്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ എനിക്ക് നൽകിയതും അതിലൂടെ എനിക്ക് മേൽവിലാസം ഉണ്ടാക്കി തന്നതും എന്‍റെ കോൺഗ്രസ് പാർട്ടിയാണ്. 2004 മുതൽ 2021 വരെ പാർട്ടിയുടെ വക്താക്കളിൽ ഒരാളായി എല്ലാ പ്രതിസന്ധികളിലും ദൃശ്യ പത്ര മാധ്യമങ്ങളിലും പൊതുവേദികളിലും പാർട്ടിയെ പ്രതിരോധിക്കാൻ മുന്നിൽ നിന്നൊരാളാണ് ഞാൻ. മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഈ പാർട്ടി എനിക്ക് എന്‍റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം തൊട്ട് കേരളത്തിന്‍റെ നിയമസഭയിൽ പ്രവർത്തിക്കാൻ അവസരം തന്നതും പാർട്ടിയാണ്. ഇന്ന് കേരളത്തിൽ കോൺഗ്രസിൻ്റെ മുഖമായി നിൽക്കുന്ന നേതാക്കളോടൊപ്പം ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ചോരയും നീരും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഞാൻ.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വമാണ് എന്നോട് ആവശ്യപെട്ടത്. ആ വാക്ക് അനുസരിച്ചു ഏറ്റുമാനൂരിൽ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്ന് പ്രവർത്തനം മുന്നോട്ട് പോയിരുന്നു. സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെ തുടർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. കാരണം ഇലക്ഷന് വളരെ കുറച്ചു ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ്. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്.
എന്നാൽ അത് പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല. പിണറായി ഭരണത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ നാം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണ്. എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാട്. യൂ ഡി എഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ഏറ്റുമാനൂരിൽ ജനവിധി തേടുന്ന പ്രിയപ്പെട്ട അനിയൻ നാട്ടകം സുരേഷിന് ആശംസകൾ നേരുന്നു. ശബരിമല കൊള്ളയടക്കം തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ മന്ത്രിയെ ഇവിടെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്‍റെ ആവശ്യമാണ്. അതിനായുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ.
ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസിന്റെ പതാക പിടിച്ചാണ്. അവസാനവും കൈയിൽ ഒരു പതാക മാത്രമേ കാണു. അത് കോൺഗ്രസിന്റെ മൂവർണ്ണ കൊടി തന്നെയായിരിക്കും






