യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

വാഗ്ദാനങ്ങൾ പാലിക്കും, 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം:ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്നും 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും.
ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്നത് വൻ മാറ്റം. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകർഷിക്കാൻ ലാന്‍റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിണറായി സർക്കാരിൻ്റെ നയം അല്ല നടപ്പാക്കുന്നത്. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തിൽ ഉടനുണ്ടാകും.വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കഴിഞ്ഞ സംസ്ഥാന സർക്കാരിൻ്റേതിൽനിന്ന് വ്യത്യസ്തമായി കേന്ദ്രസർക്കാരിന് വിമർശനമില്ല.അതേസമയം,പിണറായി സർക്കാരിനെ വിമർശിക്കുകയും ചെ്തു.കേന്ദ്ര സർക്കാരുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
നവകേരള നിർമ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്‌ചവെക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും.
റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.






