ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാസേന, ഫിഷറീസ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി.
ജൂലൈ 17-ന് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള അതിതീവ്രമഴയാണ് പ്രതീക്ഷിച്ചത്.
ജൂലൈ 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂലൈ 19-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതിതീവ്രമഴയുടെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യത കണക്കിലെടുത്ത് ജില്ലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി. ‘ഓറഞ്ച് ബുക്ക് 2026’ മാർഗരേഖ അനുസരിച്ച് ദുരന്തപ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും വൾണറബിൾ ഗ്രൂപ്പിൽ ഉൾപ്പെടുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി ആവശ്യമായ ഘട്ടങ്ങളിൽ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ദുരന്തസാധ്യതാ മേഖലകളിൽ പ്രതികരണ സംവിധാനങ്ങൾ സജ്ജമാക്കി നിർത്തണമെന്നും നിർദേശത്തിൽ പറയുന്നു.
മലയോര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനും ആവശ്യമായാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസ്, വനം, അഗ്‌നിരക്ഷാസേന, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, ഡാം ഓപ്പറേറ്റർമാർ എന്നിവരുടെ ഏകോപനവും ഉറപ്പാക്കണം.
ഡാമുകളുടെ റൂൾ കർവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചെറുകിട ഡാമുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കെ.എസ്.ഇ.ബി., ജലസേചന വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു.






