കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

നിലവിലെ കാലാവസ്ഥയും നദിയിലെ ജലനിരപ്പും കണക്കിലെടുത്താണ് നിയന്ത്രണം
പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമായി നടത്തി. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ യാത്ര പൂർണ്ണമായും റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.ആചാരപരമായ ചടങ്ങുകൾക്ക് മാത്രം അനുമതി നൽകിയത്. നിലവിലെ കാലാവസ്ഥയും നദിയിലെ ജലനിരപ്പും കണക്കിലെടുത്താണ് ശനിയാഴ്ച മാത്രം ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന പരമ്പരാഗത ചടങ്ങുകൾ മുടക്കമില്ലാതെ തുടരും.അടുത്ത ദിവസങ്ങളിലെ സ്ഥിതി കാലാവസ്ഥ നോക്കി തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ആറന്മുള വള്ളസദ്യയിലെ പ്രധാന ചടങ്ങുകൾ പള്ളിയോട വരവേൽപ്പ്, വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ ചോദിച്ചു വാങ്ങൽ, പ്രസാദ ഊട്ട് എന്നിവയാണ്. കരക്കാർ പള്ളിയോടങ്ങളിൽ (പടനൗകകൾ) പാട്ടുകളും താളവുമായി പമ്പാനദയിലൂടെ ക്ഷേത്രക്കടവിൽ എത്തുമ്പോൾ അവരെ വെറ്റില, അടയ്ക്ക, പുകയില എന്നിവ നൽകി സ്വീകരിക്കുന്നു.പള്ളിയോട തുഴച്ചിൽകാർ വഞ്ചിപ്പാട്ടുകൾ പാടി ഭഗവാൻ പാർത്ഥസാരഥിയെ വണങ്ങി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു. ഇലയിട്ട് സദ്യ വിളമ്പുന്നതിനിടയിൽ തുഴച്ചിൽകാർ വഞ്ചിപ്പാട്ടിന്‍റെ ഈണത്തിൽ പ്രത്യേക വിഭവങ്ങൾ (പഴം, പപ്പടം, കറികൾ മുതലായവ) പദ്യരൂപത്തിൽ ഉറക്കെ ചോദിച്ചു വാങ്ങുകയും, ക്ഷണനേരം കൊണ്ട് വിളമ്പിക്കൊടുക്കുകയും ചെയ്യുന്നതായിരുന്നു ആചാരം. വള്ളസദ്യ പൂർണ്ണമായും ഭഗവാനുളള വഴിപാടായിട്ടാണ് നടത്തുന്നത്.






