ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

അജ്ഞാത ലിങ്കുകൾ വഴിയുള്ള എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്
തിരുവനന്തപുരം:ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.
അംഗീകൃത ആപ്പുകളെന്ന വ്യാജേന അയച്ചുനൽകുന്ന വ്യാജ എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കോൺടാക്റ്റുകൾ, കോൾ ഡീറ്റെയ്‌ലുകൾ, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. തുടർന്ന് ആധാർ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ജോലി സംബന്ധമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും.
വിശ്വാസ്യത നേടിയെടുക്കാനായി ‘ലോൺ അപ്രൂവ്ഡ്’ എന്ന സന്ദേശത്തോടൊപ്പം ചെറിയൊരു തുക അക്കൗണ്ടിലേക്ക് അയച്ചു നൽകുമെങ്കിലും പിന്നീട് പ്രോസസിങ് ഫീ, ജി.എസ്.ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ പല ഘട്ടങ്ങളിലായി വൻ തുക ആവശ്യപ്പെടും പണം ലഭിച്ചുകഴിയുമ്പോൾ തട്ടിപ്പുസംഘം മുങ്ങുകയാണ് പതിവ്. കൈക്കലാക്കുന്ന വ്യക്തിഗത രേഖകളും ഫോട്ടോകളും ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടുന്നു. കൂടാതെ കെ.വൈ.സി രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എടുത്ത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്താനും പ്രതികൾ മുതിരുന്നുണ്ട്. ഒരു തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ആപ്പും വെബ്സൈറ്റും ഉപേക്ഷിച്ച് പുതിയ പേരിൽ വീണ്ടും രംഗത്തിറങ്ങുകയാണ് ഇവർ ചെയ്യുന്നത്.
അതിനാൽ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രം വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ആർ.ബി.ഐയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം ലോണുകൾ എടുക്കാനും പോലീസ് നിർദേശിക്കുന്നു. അജ്ഞാത ലിങ്കുകൾ വഴിയുള്ള എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. മുൻകൂർ പണം ആവശ്യപ്പെടുന്ന വായ്പാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കുക. ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ, സി.വി.വി തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്.
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.






