‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

‘എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിൻറെ വാച്ച് ഡോഗ് (കാവൽ നായ ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് ?നിങ്ങളുടെ കഴുത്തിലെ തുടൽ ആരുടേതാണ് ?’
തിരുവനന്തപുരം:മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ബി രാജേഷ്.’ഒരു മന്ത്രി,കുടുംബസമേതം അമേരിക്കയിലേക്കും തിരിച്ചും പറക്കുന്നു .ടിക്കറ്റ് ഒന്നിന് ഒരു വശത്തേക്ക് മാത്രം എട്ടു ലക്ഷം രൂപ ചെലവ് വരുമത്രേ.ദോഷം പറയരുതല്ലോ.ഉദാരമതിയായ ഒരു സുഹൃത്ത് സ്പോൺസർ ചെയ്തതാണ് .മറ്റൊരു മന്ത്രി കൊടിവെച്ച സർക്കാർ വാഹനം പോരാതെ കോടികൾ വിലയുള്ള സുഹൃത്തിൻറെ ആഡംബര വാഹനത്തിൽ കൊടിയും സ്റ്റേറ്റ് ബോർഡും വെച്ച് കറങ്ങുന്നു.അതിനൊക്കെ മുമ്പ് ഇന്നും അജ്ഞാതനായി തുടരുന്ന ദാനശീലനായ മറ്റൊരു സുഹൃത്ത് ഒരു വിമാനം തന്നെ മുഖ്യമന്ത്രിക്ക് മംഗലാപുരത്തേക്ക് പോകാൻ വാടകയ്ക്ക് എടുത്തു കൊടുക്കുന്നു. 25 ലക്ഷം രൂപ വരുമത്രേ. എന്തു നല്ല സുഹൃത്തുക്കൾ !എന്നാലും എന്തിനായിരിക്കും ഈ സുഹൃത്തുക്കൾ മന്ത്രിമാർക്ക് കോടികളുടെ വ്യക്തിപരമായ സൗജന്യം നൽകിയിട്ടുണ്ടാവുക ?
മാധ്യമങ്ങളെ നിങ്ങൾക്ക് ചോദ്യങ്ങളൊന്നുമില്ലേ?’-അദ്ദേഹം ചോദിക്കുന്നു.അതേസമയം, മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന മുൻ മന്ത്രി എം.ബി രാജേഷിൻ്റെ നിലപാട് അപലപനീയവും പ്രതിഷേധാർഹവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി .

എം.ബി രാജേഷിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘മാധ്യമങ്ങളേ നിങ്ങൾക്കൊന്നും തോന്നുന്നില്ലേ ?
ഒരു മന്ത്രി,കുടുംബസമേതം അമേരിക്കയിലേക്കും തിരിച്ചും പറക്കുന്നു .ടിക്കറ്റ് ഒന്നിന് ഒരു വശത്തേക്ക് മാത്രം എട്ടു ലക്ഷം രൂപ ചെലവ് വരുമത്രേ.ദോഷം പറയരുതല്ലോ.ഉദാരമതിയായ ഒരു സുഹൃത്ത് സ്പോൺസർ ചെയ്തതാണ് .മറ്റൊരു മന്ത്രി കൊടിവെച്ച സർക്കാർ വാഹനം പോരാതെ കോടികൾ വിലയുള്ള സുഹൃത്തിൻറെ ആഡംബര വാഹനത്തിൽ കൊടിയും സ്റ്റേറ്റ് ബോർഡും വെച്ച് കറങ്ങുന്നു.അതിനൊക്കെ മുമ്പ് ഇന്നും അജ്ഞാതനായി തുടരുന്ന ദാനശീലനായ മറ്റൊരു സുഹൃത്ത് ഒരു വിമാനം തന്നെ മുഖ്യമന്ത്രിക്ക് മംഗലാപുരത്തേക്ക് പോകാൻ വാടകയ്ക്ക് എടുത്തു കൊടുക്കുന്നു. 25 ലക്ഷം രൂപ വരുമത്രേ. എന്തു നല്ല സുഹൃത്തുക്കൾ !എന്നാലും എന്തിനായിരിക്കും ഈ സുഹൃത്തുക്കൾ മന്ത്രിമാർക്ക് കോടികളുടെ വ്യക്തിപരമായ സൗജന്യം നൽകിയിട്ടുണ്ടാവുക ?
മാധ്യമങ്ങളെ നിങ്ങൾക്ക് ചോദ്യങ്ങളൊന്നുമില്ലേ?
സംശയങ്ങൾ പോലുമില്ലേ?
ഒരു ഒരു ധാർമിക പ്രശ്നവും തോന്നുന്നില്ലേ?
ഒറ്റ ദിവസത്തെ നിശാ ചർച്ചയ്ക്കുള്ള വിഷയം പോലുമായി തോന്നാത്തതെന്താവാം ?
ചാനൽ ഫ്ലോറുകളിലെ അലർച്ചയും ആക്രോശവും പിത്തലാട്ടവും ധാർമ്മിക രോഷവും കഥാപ്രസംഗവുമൊക്കെ ഉപേക്ഷിച്ച് നിങ്ങളങ്ങ് മര്യാദക്കാരായിപ്പോയല്ലോ…
ഈ സ്ഥാനത്ത് ഇടതുപക്ഷക്കാരായിരുന്നെങ്കിലോ?
എങ്കിൽ ആടിത്തിമർത്തേനെ അല്ലേ?
കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതോലപ്പായയും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?
നിങ്ങൾക്കിനിയും ഒന്നും തോന്നുന്നില്ലേ?
ഒരല്പം നാണം പോലും?
ഇവരെ ന്യായീകരിച്ച് വെളുപ്പിക്കാൻ ക്യാമറയും മൈക്കുമായി തൊഴിലാളികളെ അയക്കാതെയെങ്കിലുമിരിക്കാമായിരുന്നില്ലേ? എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിൻറെ വാച്ച് ഡോഗ് (കാവൽ നായ ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് ?നിങ്ങളുടെ കഴുത്തിലെ തുടൽ ആരുടേതാണ് ?
നിങ്ങളുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷ്ണം ആര് എറിഞ്ഞുതന്നതാണ്?
എല്ലാം ജനങ്ങൾ കാണട്ടെ’
എം.ബി രാജേഷിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ പുറപ്പെടുവിച്ച പ്രസ്താവന:
‘മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന മുൻ മന്ത്രി എം.ബി രാജേഷിൻ്റെ നിലപാട് അപലപനീയവും പ്രതിഷേധാർഹവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ . ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് രാജേഷിൻ്റെ ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയം പറയുന്നതിനേക്കാൾ മാധ്യമങ്ങൾക്ക് മേൽ കുതിര കയറുന്നതിനാണ് കൂടുതലായും ശ്രമിക്കുന്നത്. നായ്ക്കളോട് ഉപമിച്ചാണ് ഭാഷാ സമ്പന്നമായ കുറിപ്പ് കത്തിക്കയറുന്നത്. ഏത് വിഷയവും ആധികാരികമായ വിവരങ്ങളുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തിൽ ജനം ഏറ്റെടുക്കുന്ന വിധം ഉയർത്തിക്കൊണ്ട് വരേണ്ട പ്രാഥമിക ഉത്തരവാദിത്തം അതിന് എതിര് നിൽക്കുന്ന വിഭാഗത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അതിന് കഴിയാതെ മാധ്യമങ്ങൾ അടക്കം മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാപട്യമാണ്. മാധ്യമങ്ങൾ വഴി തന്നെയാണ് സമൂഹത്തിലെ അരുതായ്കകൾ എല്ലാം ജനം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ മൂർച്ച അറിയാതെ ഒരു ഭരണകൂടവും കേരളത്തിൽ കടന്നുപോയിട്ടില്ല. അതിന് കൊടികളുടെ നിറഭേദമോ കാലങ്ങളോ തടസ്സമായിട്ടില്ല എന്നതാണ് കേരളത്തിൻ്റെ മാധ്യമ ചരിത്രത്തെ സുവർണ ശോഭയിൽ നിർത്തുന്നത്. വക്രീകരണങ്ങൾ കൊണ്ട് അത് മായ്ച്ചു കളയാനാവില്ല. എതിരാളികളെ മാത്രമേ മാധ്യമങ്ങൾ കുറ്റം പറയാവൂ എന്ന ശാഠ്യം ജനാധിപത്യം അല്ല. മാധ്യമ ധാർമികത പഠിപ്പിക്കാൻ ആവേശം കൊള്ളുന്നവർ ജനാധിപത്യ മൂല്യങ്ങൾ മറക്കാതിരിക്കുന്നതും അഭികാമ്യം ആയിരിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ. പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു’






