തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

യുഡിഎഫിൻ്റെ യുവമുഖങ്ങളായ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ,ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് എന്നിവർക്ക് അവരവർ ജയിച്ച തദ്ദേശ വാർഡുകൾ കൈമോശം വന്നു
തിരുവനന്തപുരം :എട്ട് എംഎൽഎമാർ രാജിവച്ച ഒഴിവുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഒരാളൊഴികെ ഏഴുപേർക്കും തിരിച്ചടി.ഒരാളിൻ്റെ മണ്ഡലത്തിൽ മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം നേടിക്കൊടുക്കാനായത്.മറ്റ് ഏഴുപേരുടേയും വാർഡുകളിൽ ഭൂരിപക്ഷം കുറയുകയോ തോൽക്കുകയോ ചെയ്തു.
യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി നേരിട്ടപ്പോൾ ഭൂരിപക്ഷം കൂടിയത് എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിലാണ്.
യുഡിഎഫിൻ്റെ യുവമുഖങ്ങളായ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ,ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് എന്നിവർക്ക് അവരവർ ജയിച്ച തദ്ദേശ വാർഡുകൾ കൈമോശം വന്നു.
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്‍റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍റെ നാലിലൊന്നായി ചുരുങ്ങി.

വാമനപുരം എംഎൽഎ സുധീർ ഷാ പാലോട് കഴിഞ്ഞതവണ 6000 ത്തോളം വോട്ടിന് ജയിച്ച തിരുവനന്തപുരം കല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം അതിൻ്റെ പകുതിയിൽ താഴെയായി കുറഞ്ഞു.
തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ് രാജിവച്ച കൊച്ചി കോർപ്പറേഷൻ സീറ്റിലും, അടൂർ എംഎൽഎ അഡ്വ ശാന്തകുമാർ രാജിവച്ച അരുവാപ്പുലം പഞ്ചായത്ത് വാർഡിലും ഭൂരിപക്ഷത്തിൽ പകുതിയിലധികം ഇടിവാണ് ഉണ്ടായത്.
ആലത്തൂർ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ടി.എം. ശശി (സി.പി.എം.) രാജി വെച്ചതിനെ തുടർന്നാണ് പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.പാലക്കാട് പല്ലശന ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ 7085 വോട്ടിന് എൽഡിഎഫ് ടി.എം. ശശി ജയിച്ചിടത്ത് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി പൊന്നുക്കുട്ടൻ ജയിച്ചത് 10,596 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ്.






