കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

‘മോഷണം പിടിക്കുമ്പോൾ കവർച്ചപ്പണ്ടം തിരിച്ചുനൽകിയാൽ അത് കളവ് അല്ലാതാവില്ല’
അതീതം /എം.ബി.സന്തോഷ്
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്മെൻ്റ് ആൻഡ് അഡ്മിനിസ്ട്രേഷനി(സീമാറ്റ്)ലെ റിസർച് ഓഫീസർ തസ്തികയിൽ നിയമിതയായ,കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിൻ്റെ ഭാര്യ രാജിവയ്ക്കാൻ നിർബന്ധിതയായിരിക്കുന്നു.ജോലിക്ക് അപേക്ഷിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ ബയോഡാറ്റ വാങ്ങി ഷഫീറിൻ്റെ ഭാര്യയ്ക്ക് നിയമനോത്തരവ് നൽകുകയായിരുന്നുവെന്നതിന് സി-ഡിറ്റ് ഡയറക്ടർ നൽകുന്ന ന്യായീകരണമാണ് വിചിത്രം:’താൽക്കാലികനിയമനമായതിനാലാണ് നിയമനത്തിന് വിജ്ഞാപനം ഇറക്കാതിരുന്നത്’
പാവപ്പെട്ടവരുൾപ്പെടുന്ന നികുതിദായകരുടെ പണമല്ലേ ഇവിടെ നിയമിക്കുന്നവർക്ക് ശമ്പളമായി എണ്ണിക്കൊടുക്കുന്നത്?അപ്പോൾ,ഖജനാവിൽനിന്ന് ശമ്പളം കൊടുക്കുന്നവരെ താൽക്കാലികമാണെങ്കിലും സ്ഥിരമാണെങ്കിലും നിയമിക്കുന്നതിന് ചില ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെയുണ്ട്.അത് മുമ്പ് പാലിച്ചില്ല എങ്കിൽ, അത്തരക്കാർ യോഗ്യരല്ല എന്ന് അഭിപ്രായമുണ്ടെങ്കിൽ അതിന് നടപടി എടുക്കണം.അല്ലാതെ പണ്ട് കട്ടപ്പോൾ പിടിക്കാത്തതിനാലാണ് ഇപ്പോൾ കട്ടതെന്നും അതിനാൽ ഇപ്പോഴത്തെ മോഷണം നിയമവിരുദ്ധമല്ല എന്നും വാദിക്കുന്നത് എത്രമേൽ പരിഹാസ്യമാണെന്ന് സ്വയം തിരിച്ചറിയണം.

ബിആർഎം ഷഫീർ
കഴിഞ്ഞ 10 വർഷത്തെ പിണറായി വിജയൻ ഭരണകാലത്ത് സിപിഎമ്മിൻ്റെ യുവനേതാക്കളും ഭരണത്തിൽ നിർണായക ചുമതല വഹിക്കുകയും ചെയ്ത പി.രാജീവ്,എം.ബി.രാജേഷ്,എ.എൻ ഷംസീർ,കെ.കെ രാഗേഷ് എന്നിവരുടെ ഭാര്യമാർക്ക് വഴിവിട്ട് നിയമനം നടത്തി എന്നുപറഞ്ഞ് നിയമസഭയ്ക്ക് അകത്തും പുറത്തും സമരങ്ങളേറെ നടത്തിയവരാണ് വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷം.അക്കാലത്ത് അവരെ നിരന്തരം ചാനൽമുറികളിൽ വിമർശിക്കുന്നതിൽ മുന്നിൽനിന്നയാളാണ് ബി ആർ എം ഷഫീർ.
അപ്പോഴും, ഇടതുനേതാക്കളുടെ ഭാര്യമാരെ നിയമിച്ചത് വിജ്ഞാപനം പുറപ്പെടുവിക്കാതെയോ അഭിമുഖം നടത്താതെയോ മതിയായ യോഗ്യത ഇല്ലാതെയോ ആണെന്ന ആക്ഷേപം ഒരു ചാനൽ ചർച്ചയിലും ഷഫീർപോലും ഉന്നയിക്കുന്നത് കേട്ടിട്ടില്ല.മറിച്ച് അഭിമുഖം നടത്തിയ സമിതിയുടെ ഘടനയും അതിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായിരുന്നു ആക്ഷേപത്തിനിടയാക്കിയത്.അതിലെ ചില കേസുകൾ ഇപ്പോഴും സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളുടെ പരിഗണനയിലായതിനാൽ അത് ശരിയാണോ എന്ന അഭിപ്രായം ഇപ്പോൾ പറയുന്നത് അനുചിതമായിരിക്കും.
എന്നാൽ,ഇവിടെ കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടുയർന്ന ഏറ്റവും പ്രധാന വിഷയങ്ങൾ എന്താണ്?ഒന്ന്- ആ ഒഴിവ് സർക്കാർ സ്ഥാപനമായിട്ടും രഹസ്യമായി വച്ചു,വിജഞാപനം പുറപ്പെടുവിയ്ക്കുകയോ അത് നോട്ടീസ് ബോർഡിൽപോലും ഇടുകയോ ചെയ്തില്ല.രണ്ട് – ഇങ്ങനെ വരുന്ന ഒഴിവിൽ അഭിമുഖംപോലും നടത്തിയില്ല.മൂന്ന്-ബയോഡാറ്റ വാങ്ങി നിയമനോത്തരവ് ഇറക്കുകയായിരുന്നു.അതിന് ഡയറക്ടർ പറഞ്ഞ കാരണം,ഒരു ബയോഡാറ്റയേ കിട്ടിയുള്ളൂ എന്നാണ്.ആരെയും അറിയിക്കാത്ത ഒഴിവിൽ എങ്ങനെയാണ് യോഗ്യരായവർ അപേക്ഷിക്കുക?ഇവിടെ മറ്റൊരു വിവരം കൂടി മാധ്യമങ്ങൾ പുറത്തുവിട്ടു:’സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ നിയമനത്തിന് പിഎച്ച്ഡി വേണം. ബി.ആര്‍.എം ഷഫീറിന്‍റെ ഭാര്യക്ക് ഈ യോഗ്യത ഇല്ല ‘
സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലായി 2026 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം തൊഴിലിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 23,58,194 ആണെന്ന് കണക്കുകൾ പറയുന്നു.അപ്പോഴാണോ, സാറമ്മാരേ ആരെയും അറിയിക്കാതെ അതീവരഹസ്യമായി പൊണ്ടാട്ടി നിയമനങ്ങൾ നടത്തുന്നത്?യോഗ്യത ഉണ്ടെങ്കിൽ ബിആർ എം ഷഫീറിൻ്റെ ഭാര്യയെത്തന്നെ നിയമിച്ചോളൂ.ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എളുപ്പവുമാണ്.ഭരണകക്ഷിയുടെ വേണ്ടപ്പെട്ടവരല്ലാത്തവർക്ക് താൽക്കാലിക,കരാർ നിയമനങ്ങൾ കിട്ടാറില്ലെന്നത് എല്ലാക്കാലത്തേയും യാഥാർത്ഥ്യമാണ്.ഇപ്പോൾ,കരാർ നിയമനങ്ങളുടെ ‘ലേലംവിളി’ തകൃതിയാണ്.ഒരു വർഷ നിയമനത്തിന് രണ്ട് മാസത്തെ ശമ്പളമാണ് വിഹിതം!

സീമാറ്റിലെ നിയമവിരുദ്ധ നിയമനത്തിനെതിരെ ഡിവൈഎഫ് ഐ പ്രതിഷേധം
‘സീമാറ്റി’ൽ ഗുരുതരമായ അഴിമതി നടന്നിരിക്കുന്നു. ഒഴിവ് പുറത്തറിയിക്കാതെ, രഹസ്യമായി ,അഭിമുഖംപോലും നടത്താതെ നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നു.അത് വിജിലൻസ് അന്വേഷിക്കേണ്ട കുറ്റകൃത്യമാണ്.വിജിലൻസ് ‘കൂട്ടിലടച്ച തത്ത’യാണെന്ന് കോടതികൾ നിരീക്ഷിച്ചത് കഴിഞ്ഞ കുറേ കൊല്ലങ്ങളായി വസ്തുതയാണ്.ഇപ്പോഴും അതിന് മാറ്റമില്ല.രാജിവച്ചതുകൊണ്ട് അഴിമതി അല്ലാതാവുന്നില്ല.മോഷണം പിടിക്കുമ്പോൾ കവർച്ചപ്പണ്ടം തിരിച്ചുനൽകിയാൽ അത് കളവ് അല്ലാതാവില്ലല്ലോ.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ യുവനേതാക്കളുടെ പൊണ്ടാട്ടി നിയമനങ്ങളെക്കുറിച്ച് നിരന്തരം ചർച്ചയോട് ചർച്ച നടത്തുകയും ബിആർഎം ഷഫീറിന് അവരെ ‘നിർത്തിപ്പൊരിക്കാൻ’ അവസരം നൽകിയ ചാനലുകളൊന്നും ഇപ്പോൾ,ഈ അനധികൃത നിയമനം ചർച്ചിച്ചത് കേട്ടതേയില്ല.ഇത്തരം ഇരട്ടത്താപ്പാണ് ഇക്കൂട്ടരുടെ വിശ്വാസ്യത കടലെടുത്തുപോവാനും ജനം നെഞ്ചിൽ പൊങ്കാലയിടാനും കാരണമെന്ന് ഈ സോഷ്യൽ മീഡിയക്കാലത്ത് ഇവർ ഇനിയും തിരിച്ചറിയാത്തത് ലജ്ജാകരമാണ്.അക്കാലത്ത് അത് ‘പൊണ്ടാട്ടി നിയമനം’,ഇപ്പോഴത് ‘ഭാര്യാ നിയമനം’!നിങ്ങൾ ഒരു ചർച്ചയും നടത്തിയില്ലെങ്കിലും തെറ്റായ നിയമനം വലിയ ചർച്ചയാവുകയും അവർക്ക് രാജിവച്ച് പോവേണ്ടി വരികയും ചെയ്തത് മൂടിവച്ച ഇക്കാലത്തെ മുഖ്യധാരാ മാധ്യമപ്രവർത്തനത്തിനേറ്റ കരണത്തടിയാണ്.






