പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’ എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ

ഭരണഭാഷാ വാരാഘോഷം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം:അങ്ങനെ ഇത്തവണയും പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ വഹ മലയാളം വാരാചരണമുണ്ട്.അതിനായി സർക്കുലറും ഇറങ്ങിക്കഴിഞ്ഞു.ഭരണഭാഷാസമ്മേളനം, ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ ഇത്തവണയും കെങ്കേമമായി തുടരും.
കേരളപ്പിറവിയുടെ 70-ാം വാർഷിക വേളയിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷം സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു.

നവംബർ 1-ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ ഓഫീസ് മേധാവിയുടെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനവും ഭരണഭാഷാപ്രതിജ്ഞ ചൊല്ലലും സംഘടിപ്പിക്കണം.
ഭരണഭാഷാപ്രതിജ്ഞ:
“മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും”.
വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ചൊല്ലേണ്ട പ്രതിജ്ഞ:
‘മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻകാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നംകാണുന്നത്
എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻതന്നെയാണ്.’
‘മലയാളം പള്ളിക്കൂടം’ കുട്ടികൾക്കായി 2015-ലാണ് എം.ടി. വാസുദേവൻ നായർ ഇത് എഴുതി നൽകിയത്.2018 ഫെബ്രുവരിയിൽ കേരള സർക്കാർ ഈ വരികളെ സംസ്ഥാനത്തിന്റെ ഔദ്യോഗിക മാതൃഭാഷാ പ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവിറക്കി.
വാരാഘോഷക്കാലത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ‘ഭരണഭാഷ – മാതൃഭാഷ’ എന്ന ബാനറുകൾ പ്രദർശിപ്പിക്കണം. ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും സഹായിക്കുന്ന പരിശീലനക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷാപുരസ്കാരം ലഭിച്ചവർക്കുള്ള അനുമോദനം എന്നിവ സംഘടിപ്പിക്കണം. ഓഫീസുകളിൽ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയ്ക്ക് സമാനമായ മലയാളപദങ്ങളും എഴുതി പ്രദർശിപ്പിക്കണം.

സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് വകുപ്പുമേധാവികളും, ജില്ലാതല റിപ്പോർട്ടുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരും നവംബർ 30-നകം ഔദ്യോഗികഭാഷാവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കണം.






