‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്
തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്നു നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ പൊലീസ് പൊളിച്ച് നീക്കിയ സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലുകൾ ഡിവൈഎഫ്ഐ പുനസ്ഥാപിച്ചു.ഇതിനെതിരെ പൊലീസ് ഒരു കേസുകൂടി രജിസ്ടർ ചെയ്തു.
‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിച്ചതിനെതിരെ വലിയ പ്രതിഷേധമുയർത്തിയ യു.ഡി.എഫും അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയും ആയപ്പോഴാണ് വീണ്ടും സമരപ്പന്തൽ പൊളിക്കുന്നത്.’ആശ’ സമരനേതാവ് മുടി മൊട്ടയടിച്ചപ്പോൾ അതിനെ പിന്തുണച്ച വി.ഡി സതീശനുൾപ്പെടെയുള്ളവർ അധികാരത്തിലിരിക്കേയാണ് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതാവ് വളർമതി തലമുണ്ഡനം ചെയ്തത്.അതിൽവേദനയുണ്ടെന്ന് പറഞ്ഞ അതേ മുഖ്യമന്ത്രി അധികാരത്തിൽ തുടരവേയാണ് നിരാഹാരം കിടന്ന വളർമതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തശേഷം യു.ഡി.എഫ് സർക്കാരിൻ്റെ പൊലീസ് സമരപ്പന്തൽ പൊളിച്ചത്.
പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകൾ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമതിക്കും എതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റി മണിക്കൂറുകൾക്കധികം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടി. പൊലിസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്. പിന്നാലെ നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ സമരത്തിൽ നിന്നും പിന്നോട്ടൊള്ളുവെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിധി പ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസുവന്നതോടെയാണ് നടപടിയെന്നും നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽപൊളിച്ചതെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൺബി കൃഷ്ണ പറഞ്ഞു.
പൊലീസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വാക്കുകളാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു






