ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

ആഘോഷപ്പൊലിമകളില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം
ചെന്നൈ:തമിഴ് സിനിമാതാരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
കോളജ് പഠനകാലത്ത് ആരംഭിച്ച പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 14 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയബന്ധം അധികം പരസ്യപ്പെടുത്താതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന പ്രിയയും രാജ് വേലും വിവാഹവും ആഘോഷപ്പൊലിമകളില്ലാതെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനിച്ചത്.

ചുവപ്പും സ്വർണനിറവും കലർന്ന പരമ്പരാഗത സാരിയിൽ അതീവ സുന്ദരിയായാണ് പ്രിയ വിവാഹച്ചടങ്ങിനെത്തിയത്. വെള്ള വസ്ത്രത്തിലായിരുന്നു രാജ്‌വേൽ. വിവാഹത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ആരാധകരും സിനിമാലോകവും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.
ടെലിവിഷൻ വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ ഭവാനി ശങ്കർ പിന്നീട് അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മോൺസ്റ്റർ, മാഫിയ: ചാപ്റ്റർ 1, തിരുച്ചിത്രമ്പലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും സജീവമാണ് താരം.ഡിമോണ്ടി കോളനി 3, ഇന്ത്യൻ 3 എന്നിവയാണ് പ്രിയയുടേതായി പ്രതീക്ഷിക്കപ്പെടുന്ന പുതിയ ചിത്രങ്ങൾ






