റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

‘സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ’
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘ജീവ-സുയാത്ര’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 15-ന് നടക്കും. എറണാകുളം ടൗൺ ഹാളിൽ ഞായറാഴ്ച രാവിലെ 11.30-ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത മന്ത്രി സി.പി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുന്ന ചടങ്ങിൽ അദ്ദേഹം പദ്ധതിയുടെ ടീസർ പ്രകാശനം നിർവഹിക്കും. ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ,വി.ഇ അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, ഗതാഗത സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി കമ്മിഷണർ ഡോ. എസ്. സതീഷ് ബിനോ, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ആഗോള ലക്ഷ്യത്തോടെയാണ് സമഗ്ര ജീവൻരക്ഷാ പദ്ധതിയായ ജീവ-സുയാത്ര മിഷൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മിഷൻ പ്രവർത്തിക്കുക.
സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവൽക്കരണം, അപകടമേഖലകൾ പരിഹരിക്കുന്നതിനുള്ള അത്യാധുനിക എൻജിനീയറിങ് പരിഹാരങ്ങൾ, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തവും പദ്ധതിയിൽ ഉറപ്പാക്കുന്നുണ്ട്.






