തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

നിരോധനം നീങ്ങിയതോടെ സംസ്ഥാനത്തെ ചെറുകിട-വൻകിട നിർമ്മാണ പ്രവൃത്തികൾക്കും പൊതുമരാമത്ത് ജോലികൾക്കും വലിയ ആശ്വാസമാകും
ചെന്നൈ:തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളമടക്കം അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
2026 ജൂലൈ 9-ന് ‘തമിഴ്നാട് അനധികൃത ഖനനം, ധാതുക്കളുടെ കടത്തൽ, സംഭരണം എന്നിവ തടയൽ ചട്ടങ്ങൾ, 2011’-ൽ കൂട്ടിച്ചേർത്ത റൂൾ 3A ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. 1957-ലെ കേന്ദ്ര ഖനന നിയമത്തിന് വിരുദ്ധമാണ് ഈ ഭേദഗതിയെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.സാധുവായ ലൈസൻസോടെ ഖനനം ചെയ്തെടുക്കുന്ന ധാതുക്കൾ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാൻ ഉടമകൾക്ക് അവകാശമുണ്ടെന്ന് കോടതി പ്രഖ്യാപിച്ചു.
2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നത്. ഈ നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ നിർമാണത്തെയും സാരമായി ബാധിച്ചിരുന്നു.
കല്ലും എം-സാൻഡും ജെല്ലിയും അടക്കം നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു.ഈ വിധി കേരളത്തിലെ നിർമാണ മേഖലയ്ക്ക് ആശ്വാസമാകും. തമിഴ്നാട്ടിൽ ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞെന്നും അനധികൃത ഖനനം വർധിച്ചെന്നും ചൂണ്ടിക്കാട്ടി ജൂലൈയിലാണ് സർക്കാർ മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നിരോധനം ജനുവരി 25 വരെ നീട്ടി.ഇതിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, സി. ജോസഫ് വിജയ്ക്ക് കത്തയച്ചെങ്കിലും തമിഴ്നാട് സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല.
കേരളത്തിലെ നിർമ്മാണ ആവശ്യങ്ങൾക്കുള്ള കരിങ്കല്ലിന്റെ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. നിരോധനം നീങ്ങിയതോടെ സംസ്ഥാനത്തെ ചെറുകിട-വൻകിട നിർമ്മാണ പ്രവൃത്തികൾക്കും പൊതുമരാമത്ത് ജോലികൾക്കും വലിയ ആശ്വാസമാകും.
വൻകിട പദ്ധതികൾ വേഗത്തിലാകും. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മൂലം പ്രതിസന്ധിയിലായിരുന്ന ദേശീയപാതാ നിർമ്മാണം, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയ പദ്ധതികൾക്ക് ഈ കോടതി വിധി വലിയ ഊർജ്ജം നൽകും






