ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പാലക്കാട് ഐഐടിയിൽ സൗജന്യ ഡ്രോൺ സാങ്കേതികവിദ്യ പരിശീലനം

മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കാം
പാലക്കാട്:ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങൾക്ക് നൂതന സാങ്കേതികവിദ്യാ മേഖലകളിൽ തൊഴിൽനൈപുണ്യം വളർത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ പദ്ധതിയുടെ ഭാഗമായി ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ മുഖേന മൂന്ന് മാസം ദൈർഘ്യമുള്ള സൗജന്യ ജൂനിയർ എൻജിനീയർ ഡ്രോൺ സാങ്കേതികവിദ്യാ പരിശീലന പരിപാടി ഐഐടി പാലക്കാട് ക്യാമ്പസിൽ ആരംഭിക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കാം. അർഹരായ പരിശീലനാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും.
540 മണിക്കൂർ പഠനവും പരിശീലനവും ഉൾപ്പെടുന്ന പരിശീലനത്തിൽ 420 മണിക്കൂർ സാങ്കേതിക പരിശീലനവും 120 മണിക്കൂർ ഓൺ-ദി-ജോബ് ട്രെയിനിംഗും നൽകും. വിദ്യാർത്ഥികൾക്ക് ഡ്രോൺ സാങ്കേതികവിദ്യ, യു.എ.വി സംവിധാനങ്ങൾ, ഡ്രോൺ അസംബ്ലി, പ്രവർത്തനം, പരിപാലനം, തകരാറുകൾ കണ്ടെത്തി പരിഹരിക്കൽ, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിൽ പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനം നൽകും.
രാജ്യത്ത് അതിവേഗം വളർന്നുവരുന്ന ഡ്രോൺ, എയ്റോസ്പേസ് മേഖലകളിൽ തൊഴിൽ നേടുന്നതിനും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക നൈപുണ്യവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക ലക്ഷ്യമാക്കിയാണ് പരിപാടി നടത്തുന്നത്. നൂതന സാങ്കേതികവിദ്യാ മേഖലകളിൽ ന്യൂനപക്ഷ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവർക്ക് പുതിയ തൊഴിൽ-സംരംഭകത്വ സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും പരിശീലന പരിപാടി സഹായകമാകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://gqr.sh/ffYG ൽ 2027 ഫെബ്രുവരി വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് ഫോൺ: +91-9497215111.






