സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഒക്ടോബർ 15 മുതൽ ‘ജനസ്പർശം’ ഫയൽ അദാലത്ത്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കർമപദ്ധതിയുടെ വിജയം. നൂറുദിന കർമപദ്ധതിയുടെ തുടർച്ചയായി ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചു. പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കേരളത്തിൽ ആദ്യമായി നൂറുദിന കർമപദ്ധതിയുടെ സുതാര്യമായ പൊതുപരിശോധനയ്ക്കായി പോർട്ടൽ സ്ഥാപിച്ചു. ഡാറ്റാധിഷ്ഠിത ഭരണനിർവഹണം എന്ന സർക്കാർ വാഗ്ദാനത്തിന്‍റെ തുടക്കമാണ് ഈ പോർട്ടൽ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കും. ഇതിലൂടെ നിക്ഷേപങ്ങളുടെ പുരോഗതി അളന്ന്, പ്രശ്‌നപരിഹാരം വേഗത്തിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ജനസ്പർശം ‘ എന്ന് പേരിട്ട ഫയൽ അദാലത്തിലൂടെ വിവിധ വകുപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച് തീർപ്പാക്കും. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം, കാലങ്ങളായി കെട്ടിക്കിടക്കുന്നതിന്റെ കാരണം പഠിച്ച് ഫയൽ നീക്കത്തിനുള്ള സംവിധാനം പുനരാവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിപ്പാർട്ട്‌മെന്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബിൽ ഒക്ടോബർ 12ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മുതിർന്ന പൗരർക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്ത് ആദ്യമായി മുതിർന്ന പൗരർക്കായി ഒരു സർക്കാർ വകുപ്പ് സ്ഥാപിച്ചത് കേരളമാണ്. മുതിർന്ന പൗരരുടെ കരുതലിന് രാജ്യത്തിനും ലോകത്തിനും പ്രചോദനമാകുന്ന മാതൃക സൃഷ്ടിക്കും. കേരളത്തിലെ മുതിർന്ന പൗരരെ സംബന്ധിച്ച് കണക്കെടുക്കുന്നതിനായി സർവേ ആരംഭിച്ചു. കരുതൽ വേണ്ടവരുടെ കണക്കെടുത്ത് തുടർനടപടി സ്വീകരിക്കും. കേരളത്തിൽ ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.






