പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക് പോര്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് കാലത്തെപ്പോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ,അധികാരത്തിൽ വന്നാൽ പദ്ധതി എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് പി. പ്രസാദ് പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു പിന്നാലെയായിരുന്നു.വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രമേയം തള്ളി.
മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാർ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് കാണിച്ച് മുൻ ഇടതുപക്ഷ സർക്കാർ 2024-ൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സംസ്ഥാന താൽപര്യം ബലികഴിച്ചാണ് അന്ന് എൽഡിഎഫ് കരാർ ഒപ്പിട്ടത്.നിലവിൽ എൽഡിഎഫ് വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ജാള്യത മറയ്ക്കാനാണ്. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടല്ല എൽഡിഎഫ് അന്ന് കത്ത് നൽകിയത്. അത് നീട്ടിവെക്കണം എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. കേരളത്തിന്‍റെ എല്ലാ അവകാശവും ബലികഴിച്ചാണ് എൽഡിഎഫ് കരാർ വെച്ചത്. ഉപസമിതി തീരുമാനം വരും മുൻപ് ഊഹത്തിൻ്റെ പേരിലാണ് ഇപ്പോൾ പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്. പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മേയ് 8-ന് കാവൽ സർക്കാരിൻ്റെ കാലത്താണ് കേന്ദ്രത്തിന്‍റെ കത്ത് വന്നത്. സംഘപരിവാർ അജണ്ടയ്ക്ക് കീഴ്പെടാത്ത നടപടികളേ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകൂ.
കേരളത്തിന്‍റെ അവകാശങ്ങള്‍ ബലികഴിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കരാർ ഒപ്പുവെച്ചതെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ ചെയ്ത പോലെ നിഗൂഢമായ ഒരു പ്രവര്‍ത്തനവും തങ്ങള്‍ നടത്തിയിട്ടില്ല. ജാള്യത മറയ്ക്കാനാണ് തങ്ങള്‍ക്കെതിരെ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. കരാര്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
‘ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. പി എം ശ്രീയുടെ പ്രചാരകരാണ് കഴിഞ്ഞ സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി ഫൈറ്റ് ചെയ്തവരാണ് എല്‍ഡിഎഫ്. എന്തുകൊണ്ട് കഴിഞ്ഞ മന്ത്രിസഭ ഉപസമിതി പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകുന്ന തീരുമാനം എടുത്തില്ല. ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് നിങ്ങളാണ്. ഈ സര്‍ക്കാര്‍ ഉപസമിതി ഒരു തീരുമാനവും എടുത്തിട്ടില്ല. ഊഹത്തിൻ്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത് ശരിയല്ല. ഞങ്ങള്‍ പി എം ശ്രീയുടെ ആളുകള്‍ അല്ല. കേന്ദ്രസര്‍ക്കാരിനെതിരായ യു.ഡി.എഫിന്‍റെ നിലപാടുകള്‍ വ്യക്തമാണ്. അതിനെതിരെ എന്നും പോരാടിയവരാണ് കോണ്‍ഗ്രസും ലീഗും. അതില്‍ ഒരു മാറ്റവും വരുത്തില്ല’- എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി.
എന്‍ ഷംസുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി അല്ലാത്ത സമയത്ത് പ്രസംഗിച്ചത് കേട്ടവരാണ് നമ്മളെന്നും എത്ര വീറോടെ സംസാരിച്ച ആളാണ് ഇപ്പോള്‍ മനസാക്ഷിക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ പരിഹസിച്ചു. അതിൻ്റെ വിഷമം പ്രസംഗത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഷംസുദ്ദീൻ്റെ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷനേതാവിൻ്റെ വിമര്‍ശനം.
അധികാരത്തിൽ വന്നപ്പോൾ പിഎം ശ്രീ പദ്ധതി എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്ന് പിണറായി വിജയൻ ചോദിച്ചു. എന്തേ ഇപ്പോൾ ഒഴുക്കാൻ തയ്യാറാകാത്തത്?എന്തൊക്കെ വീര വാദങ്ങള്‍ ആയിരുന്നു പറഞ്ഞു നടന്നിരുന്നത്. വെറുതെ വിളിച്ച് പറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല. മുന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് വിഷമത്തിലായെന്നാണ് മന്ത്രി പറയുന്നത്. മുന്നോട്ടുപോക്ക് മാത്രമേ വഴിയുള്ളൂ എന്നാണ് മന്ത്രിയുടെ നിലപാട്. അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി. കരാർ ഒപ്പിട്ട് എട്ട് മാസം ആയിട്ടും ഇതേവരെ ആ പദ്ധതി നടപ്പായിട്ടില്ല. ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ല.’ പിണറായി വിജയന്‍ പറഞ്ഞു.
ഒപ്പിട്ടാൽ പിന്മാറാൻ അവകാശമില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ല. ധാരണാപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പാക്കാൻ ഉദ്ദേശമില്ലെന്നതിന്റെ തെളിവാണ്. ഇതുവരെ ഒരു ലിസ്റ്റും സർക്കാർ ഉണ്ടാക്കിയിട്ടില്ല. സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.






