‘സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു,പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന ധീരയായ നടി

വിടവാങ്ങിയത് നാടകവേദയിൽ നാല് പതിറ്റാണ്ട് നിറഞ്ഞുനിന്ന അഭിനേതാവ്
കോഴിക്കോട്:’സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു .85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയില്‍ സെപ്തംബർ 23ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
40 വർഷത്തിലേറെയായി അരങ്ങില്‍ സജീവമാണ്. 2018-ല്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായത്.ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടി.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് സാവിത്രി ശ്രീധരൻ വിട്ടുനിന്നത് ഏറെ ചർച്ചയായിരുന്നു
കെ.ടി. മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ നാടകങ്ങളില്‍ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

എം.ടി.യുടെ ‘കടവ്’ എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ സമിതികളിലെ അമച്വർ നാടകങ്ങളിൽ നടിച്ചു.വളയനാട് കലാസമിതിയുടെ ‘കറുത്ത വെളിച്ച’മായിരുന്നു ആദ്യ നാടകം.

ആഹ്വാൻ സെബാസ്റ്റ്യന്റെ ‘വഴിയമ്പല’ത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ നാടകമായിരുന്നു ഇത്. 1984ൽ ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിച്ചു. കെ.ടി. മുഹമ്മദിന്‍റെ ‘കലിംഗ’ തിയറ്ററിന്റെ ‘ഇതു ഭൂമിയാണ്’ ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. ‘അണിയറ’ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.

വിത്സൻ സാമുവലിന്റെ ‘സംഗമം’ തിയറ്ററിലായിരുന്നു പിന്നീട് അഭിനയിച്ചത്. ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം, അരവിന്ദൻ സാക്ഷിയാണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. അതിനു ശേഷം ഇബ്രാഹിം വെങ്ങരയുടെ ‘ചിരന്തന’ തിയറ്റേഴ്സിലെ പ്രധാന നടിയായി. മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ എന്നീ നാടകങ്ങൾ ചെയ്തു.ഇതിൽ ‘രാജസഭ’യിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.

വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’യുടെ ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും നല്ല വേഷം ചെയ്തു. ഈ സമയമാകുമ്പോഴേക്കും കേരളത്തിലെ പ്രഫഷനൽ നാടകട്രൂപ്പുകളെല്ലാം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ വന്നതോടെ നാടകാഭിനയം അവസാനിപ്പിക്കേണ്ടി വന്നു.
കലാ മേഖലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു സാവിത്രി ശ്രീധരൻ. 1993 ൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരുവണ്ണൂരിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’ ഈ നടിക്ക് അഭിനയത്തിൽ പുതുജന്മം സമ്മാനിക്കുകയായിരുന്നു.
കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ നേരത്തേ നിര്യാതനായി. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കൾ.






