തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്ന പദ്ധതി
ചെന്നൈ:തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്നതിനായി തമിഴ്‌നാട് സർക്കാർ ആവിഷ്‌കരിച്ച ഒരു ജനക്ഷേമ പദ്ധതിയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് (നടൻ വിജയ്) സെപ്റ്റംബർ 28-ന് ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ:
• ആനുകൂല്യം: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് 1 ഗ്രാം തൂക്കമുള്ള സ്വർണ്ണ മോതിരം സൗജന്യമായി ലഭിക്കുന്നു.

• ഗുണഭോക്താക്കൾ: തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ എല്ലാ കുടുംബങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ അമ്മമാർ സംസ്ഥാന സർക്കാരിൻ്റെ ‘പ്രഗ്നൻസി ആൻഡ് ഇൻഫന്റ് മോണിറ്ററിങ്’ സംവിധാനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
• വിതരണം: 2026 ജൂൺ 22 മുതൽ സെപ്റ്റംബർ 27 വരെയുള്ള കാലയളവിൽ ജനിച്ച കുട്ടികൾക്ക് പ്രത്യേക വിതരണ കേന്ദ്രങ്ങൾ വഴി മോതിരം കൈപ്പറ്റാം. സെപ്റ്റംബർ 28 മുതൽ പ്രസവത്തിനു ശേഷം ആശുപത്രി വിടുന്ന സമയത്തുതന്നെ കുട്ടികൾക്ക് മോതിരം നേരിട്ട് നൽകും.
• നിർമ്മാണം: പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് ആവശ്യമായ സ്വർണ്ണ മോതിരങ്ങൾ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നീ പ്രമുഖ ജ്വല്ലറികളാണ് തയ്യാറാക്കി നൽകിയിട്ടുള്ളത്.
തമിഴ്‌നാട്ടിലെ ഭൂരിഭാഗം സാധാരണക്കാരായ ആളുകളും പ്രസവത്തിനായി സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ വലിയ ജനപ്രീതിയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.






