സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്

പ്രസ് ക്ലബ് വജ്രജൂബിലി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്കാരം കേരളത്തിന് അപകടകരമാണെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളെയും സ്വാധീനിക്കുന്നു എന്നതാണ് ഇന്ന് മാധ്യമമേഖല നേരിടുന്ന വലിയ വെല്ലുവിളി. പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ മാധ്യമങ്ങള്‍ വിമര്‍ശിക്കുക സ്വാഭാവികമാണ്. എന്നാല്‍, വിമര്‍ശനം വസ്തുതാപരവും കാര്യമുള്ളതും ആകുമ്പോഴാണു ശ്രദ്ധിക്കപ്പെടുക. മാധ്യമങ്ങള്‍ക്കുള്ളതുപോലെ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അവകാശങ്ങളുണ്ട്. അതും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ ഡോ.തോമസ് ഐസക് ധനമന്ത്രിയായിരിക്കെ ലോട്ടറി വിവാദത്തില്‍ അദ്ദേഹവുമായി സംവാദം നടത്താന്‍ അവസരം ലഭിച്ച വേദി എന്ന നിലയില്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍, ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഇടമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബിന്റെ മാധ്യമ പുരസ്കാരങ്ങള്‍ അദ്ദേഹം സമർപ്പിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്.ശ്രീകേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോണ്‍, ബിന്ദു കൃഷ്ണ,അനൂപ് ജേക്കബ്, എന്‍.ഷംസുദ്ദീന്, എം.ലിജു, മേയര്‍ വി.വി.രാജേഷ്, പ്രസ് ക്ലബ് സെക്രട്ടറി പി.ആര്.പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






