യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമിരുന്ന ഒമ്പതാമത്തെ സെനറ്റ് സീറ്റാണ് ഈ വിജയത്തോടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്
വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ അലാസ്കയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ ജനപ്രതിനിധിയുമായ മേരി പെല്റ്റോലയ്ക്ക് വിജയം.രണ്ട് തവണ സെനറ്ററായിരുന്ന റിപ്പബ്ലിക്കൻ നേതാവ് ഡാൻ സള്ളിവനെയാണ് അവർ പരാജയപ്പെടുത്തിയത്.50.1% വോട്ടുകൾ (1,44,302 വോട്ടുകൾ) നേടിയാണ് മേരി പെൽറ്റോല വിജയിച്ചത്. ഡാൻ സള്ളിവന് 45.8% വോട്ടുകൾ (1,31,844 വോട്ടുകൾ) ലഭിച്ചു
ഈ വിജയത്തോടെ 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കപ്പെടാൻ ബാക്കിയുണ്ടായിരുന്ന അവസാന സെനറ്റ് ഫലവും പുറത്തുവന്നു. യു.എസ്. സെനറ്റിൽ ഡെമോക്രാറ്റുകൾ 56–44 എന്ന ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമിരുന്ന ഒമ്പതാമത്തെ സെനറ്റ് സീറ്റാണ് ഈ വിജയത്തോടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. 2009ന് ശേഷമുള്ള ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ സെനറ്റ് ഭൂരിപക്ഷമാണിത്.
20 വർഷത്തിനിടെ അലാസ്കയിൽ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സെനറ്ററാണ് പെൽറ്റോല. യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ രണ്ട് തദ്ദേശീയ അമേരിക്കൻ വനിതകളിൽ ഒരാളായും അവർ മാറുന്നു.ഉയർന്ന ജീവിതച്ചെലവും ഇന്ധനവില വർദ്ധനവും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ, സമാന പേരുള്ള മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങളും വിവാദമായെങ്കിലും, ആദ്യ റൗണ്ട് വോട്ടുകളിൽ തന്നെ പെൽറ്റോലയ്ക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചു
പ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ, വരാനിരിക്കുന്ന രണ്ട് വര്‍ഷങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഭരണതലത്തില്‍ കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരും. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കപ്പെട്ട അവസാന സെനറ്റ് സീറ്റ് കൂടിയായിരുന്നു അലാസ്കയിലേത്.






