യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

‘യുഎസ്‌ടി ഡി3 സ്റ്റാർട്ടപ്പ് ചലഞ്ച് 2026’ എന്ന പേരിലുള്ള ഈ മത്സരം സംഘടിപ്പിക്കുന്നത് ലിങ്ക് ഇന്നൊവേഷൻസിൻ്റെ സഹകരണത്തോടെ
തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, തങ്ങളുടെ പ്രധാന ടെക്‌നോളജി കോൺഫറൻസായ ഡി3 (ഡ്രീം ഡെവലപ് ഡിസ്‌റപ്റ്റ്) യുടെ ഭാഗമായി സ്റ്റാർട്ടപ്പുകളെ അണിനിരത്തിക്കൊണ്ടുള്ള പുതിയ മത്സരത്തിനു തുടക്കം കുറിച്ചു. ‘യുഎസ്‌ടി ഡി3 സ്റ്റാർട്ടപ്പ് ചലഞ്ച് 2026’ എന്ന പേരിലുള്ള ഈ മത്സരം ലിങ്ക് ഇന്നൊവേഷൻസിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
വിപ്ലവകരമായ സ്റ്റാർട്ടപ്പ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്നൊവേറ്റർമാരെ യു എസ് ടിയുടെ ആഗോള ടെക്‌നോളജി, ബിസിനസ് ടീമുകളുമായി ബന്ധിപ്പിക്കുന്നതിനും, മികച്ച സാധ്യതകളുള്ള സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനും അവ പ്രായോഗികമായി വിന്യസിക്കുന്നതിനുമുള്ള മാർഗങ്ങൾ തേടുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പ്രൂഫ്-ഓഫ്-കോൺസെപ്റ്റ് പദ്ധതികൾ, പ്രതിഫലം അർഹിക്കുന്ന പൈലറ്റ് പ്രോജക്ടുകൾ, ദീർഘകാല സഹകരണങ്ങൾ തുടങ്ങിയ സാധ്യതകളും ഇതിലൂടെ പരിശോധിക്കും.
ആദ്യമായി സംഘടിപ്പിക്കുന്ന യുഎസ് ടി ഡി3 സ്റ്റാർട്ടപ്പ് ചലഞ്ച് 2026-ലേക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് 120-ലധികം അപേക്ഷകളാണ് ലഭിച്ചത്. രാജ്യത്തെ ടെക്‌നോളജി, ഇന്നൊവേഷൻ മേഖലയിൽ ഈ മത്സരത്തിന് ലഭിച്ച വലിയ സ്വീകാര്യതയാണ് അപേക്ഷകളുടെ എണ്ണം വ്യക്തമാക്കുന്നത്.
യുഎസ്‌ടിയുടെ പരമ്പരാഗത സാങ്കേതിക, എൻജിനീയറിങ് വിഭാഗങ്ങൾക്കപ്പുറത്തേക്കുകൂടി ഡി3 യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതാണ് ഈ ചലഞ്ച്. സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അവരുമായി ഘടനാപരമായി സഹകരിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. യഥാർഥ വ്യാവസായിക ആവശ്യങ്ങൾക്കനുസൃതമായി ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ കണ്ടെത്തുക, അവയുടെ സാധ്യതകൾ പരീക്ഷിക്കുക, വിപുലമായ രീതിയിൽ നടപ്പാക്കാൻ പ്രായോഗിക സാധ്യതയുള്ളവയേതെന്ന് വിലയിരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
അഞ്ച് പ്രധാന മേഖലകളിലെ വികസനം വേഗത്തിലാക്കുന്നതിലാണ് ഈ മത്സരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എ ഐ മോഡലുകൾ, വിശ്വാസ്യതയും ഉത്തരവാദിത്തവും; ആരോഗ്യപരിചരണത്തിന്റെയും ലൈഫ് സയൻസസിന്റെയും ഭാവി; ടെലികോമിന്റെയും ടെക്‌നോളജി മേഖലയുടെയും ഭാവി; എൻജിനീയറിങ്, സെമികണ്ടക്ടർ മേഖലകളുടെ ഭാവി; സാമ്പത്തിക സേവനങ്ങളുടെയും ബാങ്കിങ്ങിന്റെയും ഭാവി എന്നിവയാണ് ഈ അഞ്ച് മേഖലകൾ.
സാങ്കേതിക പ്രസക്തി, വികസനപക്വത, എന്റർപ്രൈസ് തലത്തിൽ നടപ്പാക്കാനുള്ള മികവ്, യുഎസ്‌ടിയുടെ മുൻഗണനാ ഉപയോഗമേഖലകളുമായുള്ള പൊരുത്തം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള സ്ക്രീനിങ്ങും വിലയിരുത്തലും നടത്തിയാണ് എൻട്രികൾ തിരഞ്ഞെടുക്കപ്പെട്ടത്. വിലയിരുത്തലിന് ശേഷം 19 സ്റ്റാർട്ടപ്പുകളെയാണ് സെപ്റ്റംബർ 29ന് നടക്കുന്ന ബെംഗളൂരു സിറ്റി പിച്ച് സീരീസിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ അവരുടെ മികവ് യുഎസ്‌ടിയുടെ സാങ്കേതികവിദ്യാ വിഭാഗങ്ങളിലെയും ആഗോള ബിസിനസ് ടീമുകളിലെയും പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇതിലൂടെ നേരിട്ടുള്ള ആശയവിനിമയത്തിനും പ്രതികരണങ്ങൾ ലഭിക്കുന്നതിനും അവസരമൊരുങ്ങും. തുടർന്ന്, ഈ പിച്ച് സീരീസിൽ നിന്ന് അഞ്ച് എൻട്രികൾ ഡി 3 എക്സ്പോയിലേക്ക് മുന്നേറും. പരിഹാരങ്ങൾ അവതരിപ്പിക്കാനും പി ഓ സി കൾ, പൈലറ്റ് പദ്ധതികൾ, ദീർഘകാല സഹകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തുടർസാധ്യതകൾ പരിശോധിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
“വിപണിയിലെത്താനുള്ള വേഗതയ്ക്ക് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. ഒരു ആശയത്തെ അതിന്റെ രൂപകൽപ്പനാ ഘട്ടത്തിൽ നിന്ന് സാധൂകരണത്തിലേക്കും വിപുലീകരണത്തിലേക്കും എത്ര വേഗത്തിൽ എത്തിക്കാൻ എ ഐയ്ക്ക് കഴിയുന്നു എന്നതാണ് ഇപ്പോൾ കണ്ടെത്തുന്നത്. ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിലൂടെ നൂതനവും മികച്ചതുമായ ആശയങ്ങളുമായി എത്തുന്ന സ്റ്റാർട്ടപ്പുകളെയും എന്റർപ്രൈസ് മേഖലയിലെ വൈദഗ്ധ്യത്തെയും യഥാർഥ ബിസിനസ് വെല്ലുവിളികളെയും ഒരുമിപ്പിച്ച് നവീകരണത്തിന്റെ വേഗത വർധിപ്പിക്കുകയാണ് യുഎസ്‌ടി ചെയ്യുന്നത്. ഞങ്ങൾ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; മികച്ച ആശയങ്ങളെ യഥാർഥ വിപണി സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന, വിപുലീകരിക്കാവുന്ന പരിഹാരങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതിലും നിക്ഷേപം നടത്തുകയാണ്,” യുഎസ്‌ടി പ്രസിഡന്‍റ് മനു ഗോപിനാഥ് പറഞ്ഞു.






