‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

ആയുർവേദ കോളേജിൽ നിന്നും ഒരു അധ്യാപകൻ ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിൽ സ്വാഭാവികമായി മറ്റൊരാൾ ജോലിയിൽ പ്രവേശിക്കുമെന്നിരിക്കെ അധ്യാപക ക്ഷാമമെന്ന അസത്യം ഇനിയൊരു സർക്കാർ ആയുർവേദ അദ്ധ്യാപകനും സർവകലാശാലയിലെ ഉന്നത പദവിയിൽ ഉണ്ടാകാതിരിക്കാനെന്നും എ എം എ ഐ
തിരുവനന്തപുരം :ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( എ എം എ ഐ ) സംസ്ഥാന കമ്മറ്റി.
ആയുർവേദ അവഗണനയുടെ മുന്നോടിയായി സർവകലാശാല രജിസ്ട്രാറുടെ അഞ്ചു വർഷത്തെ ഡെപ്യൂട്ടേഷൻ പകുതി കാലയളവ് മാത്രമായപ്പോൾ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.ആയുർവേദ കോളേജിൽ നിന്നും ഒരു അധ്യാപകൻ ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിൽ സ്വാഭാവികമായി മറ്റൊരാൾ ജോലിയിൽ പ്രവേശിക്കുമെന്നിരിക്കെ അധ്യാപകരുടെ ക്ഷാമമെന്ന തീർത്തും അസത്യമായ ന്യായം കാണിച്ചുള്ള സർക്കാരിൻ്റെ ഈ നടപടി ഇനിയൊരു സർക്കാർ ആയുർവേദ അദ്ധ്യാപകനും സർവകലാശാലയിലെ ഉന്നത പദവിയിൽ ഉണ്ടാകാതിരിക്കാനാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അലോപ്പതി തീവ്രവാദി ലോബികളുടെ ഇംഗിതത്തിന് കുടപിടിക്കുന്നതാണ് ഈ തീരുമാനമെന്നും ആയുർവേദത്തെ പ്രതിനിധീകരിച്ച് ആരും തന്നെ മന്ത്രിയുടെ ഓഫീസിൽ ഇല്ലാതെയും മന്ത്രിയും ഓഫീസും ഒരു വിഭാഗം ലോബികളുടെ മാത്രമാകുന്നത് ഭൂഷണമല്ലെന്നും എ.എം.എ.ഐ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. കെ. ഹരിദാസ് എന്നിവർ പറഞ്ഞു.ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘന നടത്തുമെന്നും ഇവർ കൂട്ടിച്ചേർത്തു.






