കർണ്ണാടകയിൽ പെട്രോളിൽ അളവിൽ അധികം എഥനോള്‍:കേരളത്തിലും പരിശോധനയ്ക്ക് നിർദേശം

കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം:പെട്രോൾ ഉൽപ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ മന്ത്രി അനുപ് ജേക്കബ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
മുഖ്യമന്ത്രിമായി ചർച്ച നടത്തിയശേഷമാണ് നിർദ്ദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണ്ണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച്
പരിശോധന നടത്തും. 2005 ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്‌പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സ്പ്ളൈ ഡിസ്‌ട്രീ ബ്യൂഷൻ & പ്രിവൻഷൻ ഓഫ് മൽപ്രാക്റ്റീസസ് നിയമപ്രകാരം സംസ്ഥാനം 2014 ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം
നൽകിയിട്ടുണ്ട്.മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു
ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ കർണാടക സർക്കാർ പരിശോധന നടത്തിയിരുന്നു. പൊതുമേഖലാ, സ്വകാര്യ മേഖല എണ്ണ കമ്പനികളിലെ പെട്രോൾ പരിശോധിച്ചു. മിക്കയിടങ്ങളിലും എഥനോൾ സാന്നിധ്യം 30 ശതമാനത്തിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഥനോൾ കണ്ടെത്തിയത്. 31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികൾ കണക്ക് നൽകിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നേരിട്ട് പരിശോധിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള 63 പെട്രോൾ സാംപിളുകളാണ് പഠന വിധേയമാക്കിയത്.
പരിശോധന അംഗീകൃത രീതിയിലല്ലെന്നാണ് എണ്ണ കമ്പനികളുടെ വാദം. കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ സംയുക്ത വാർത്താക്കുറിപ്പ് ഇറക്കി. പെട്രോളിൽ എത്തനോള്‍ കലർത്തുന്നത് ബിഐഎസ് മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാത്രമാണ്.പെട്രോൾ പരിശോധിക്കുന്നതിനുള്ള നിശ്ചിത നടപടിക്രമപ്രകാരം ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകളാണ് ശേഖരിക്കേണ്ടത്. ഇതിൽ രണ്ടെണ്ണം ഡീലർക്കും, രണ്ടെണ്ണം എണ്ണക്കമ്പനിക്കും നൽകണം. ബാക്കി രണ്ടെണ്ണം നിശ്ചിത ലബോറട്ടറിയിലേക്ക് അയക്കേണ്ടതാണ്. സാമ്പിൾ ലേബലുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പുവെച്ചിരിക്കണം. പരിശോധനാ ഫലം ഡീലറെയും എണ്ണക്കമ്പനിയെയും നിശ്ചിത സമയത്തിനുള്ളിൽ അറിയിക്കുകയും വേണം.ഒക്ടോബറിലെ പരിശോധനകളിൽ എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചത്. കമ്പനികൾ ആവശ്യപ്പെട്ടിട്ടും ഔട്ട്‌ലെറ്റുകളുടെ പൂർണ്ണമായ വിവരങ്ങളോ ലബോറട്ടറി റിപ്പോർട്ടുകളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനമാണ് വിതരണം ചെയ്യുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പി യുമായ രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെയും സാമ്പിളുകളിൽ യഥാക്രമം 31.2 ശതമാനവും 30.5 ശതമാനവും എഥനോൾ ഉള്ളതായി അദ്ദേഹം ആരോപിച്ചു.






